കാസർഗോഡ് :- കവുങ്ങ് കർഷകർക്ക് ആശ്വാസവും പ്രതീക്ഷയുമായി വിപണിയിൽ പുതിയ അടക്കയുടെ വിലയിൽ വൻ മുന്നേറ്റം. പുതുവർഷത്തിന്റെ തുടക്കത്തിൽ 380-400 രൂപയായിരുന്നു പുത്തൻ അടയ്ക്കവില. മാസം പകുതിയെത്തും മുൻപ് ഇത് 400 കടന്നു. ഗുണനിലവാരമുള്ള മേൽത്തരം പുത്തൻ അടയ്ക്കവില 450 രൂപവരെ ഉയർന്നു. തൻവർഷം തന്നെ ഉണക്കി കൊട്ടടയ്ക്കയായി വിൽക്കുന്ന ഇനമാണ് പുതിയ അടയ്ക്ക. മുൻവർഷങ്ങളിൽ പരമാവധി 400 രൂപ വരെയായിരുന്നു പുത്തൻ അടയ്ക്ക വില ഉയർന്നിരുന്നത്. പുതിയ അടയ്ക്കയുടെ വിലയിലെ മുന്നേറ്റത്തിന് ആനുപാതികമായി പഴയ അടയ്ക്കവിലയിലും മാറ്റം വന്നിട്ടുണ്ട്.
കിലോയ്ക്ക് നിലവിൽ 545 രൂപവരെ ലഭിക്കുന്നുണ്ട്. പുതിയതും പഴയതും തമ്മിലുള്ള വിപണിവിലയിലെ അന്തരം കുറഞ്ഞുവരുന്നതായി കച്ചവടക്കാർ പറയുന്നു. തൻവർഷത്തെ കൊട്ടടയ്ക്ക കേടുകൂടാതെ ഒരുവർഷത്തിലേറെ സൂക്ഷിച്ചശേഷം വിൽപ്പന നടത്തുന്നതാണ് പഴയ അടക്കയായി പറയുന്നത്. കൃത്യമായി ഉണക്കി പ്ലാസ്റ്റിക്കൂടിലാണ് ഇത്തരം അടയ്ക്ക ഒരുവർഷത്തിലേറെ ഈർപ്പമേൽക്കാതെ സുരക്ഷിതമായി സൂക്ഷിക്കുന്നത്. ഇത് ചെലവേറുന്ന പ്രവൃത്തിയാണെങ്കിലും ഉയർന്ന വില കിട്ടുന്നതിനാൽ മിക്ക കർഷകരും ഈ രീതിയാണ് അവലംബിക്കുന്നത്. വിപണിയിൽ വില ഉയരുമ്പോഴും അടയ്ക്കയുടെ വരവ് ഗണ്യമായി കുറഞ്ഞതായി കാംപ്കോ അധികൃതർ വ്യക്തമാക്കുന്നു.
വിപണിയിൽ അടയ്ക്കവില ഉയരുമ്പോഴും കർഷകരുടെ ആശങ്ക തീരുന്നില്ല. ഉദ്പാദനക്കുറവിനൊപ്പം (വിളനഷ്ടം) കവുങ്ങിൻ തോപ്പുകളിലെ രോഗബാധയും കർഷകരെ ആശങ്കയിലാക്കുന്നു. മഹാളിക്കൊപ്പം അടുത്തകാലത്ത് വ്യാപകമായ ഇലകരിച്ചിലാണ് കർഷകർ നേരിടുന്ന പ്രതിസന്ധി. മിക്ക തോട്ടങ്ങളും ഇലകരിച്ചിലിന്റെ പിടിയിലാണ്. രോഗബാധയിൽ ഉണങ്ങിത്തുടങ്ങിയ തോട്ടങ്ങളിലെ ഉത്പാദനം പകുതിയിലും താഴെയായിട്ടുണ്ട്. വളങ്ങളുടെ വിലവർധനയും തൊഴിലാളിക്ഷാമവും ഉയർന്ന കൂലിയുമ കർഷകരെ പ്രതിസന്ധിയിലാക്കുന്നു. അടക്ക ഉത്പാദനത്തിൽ സംസ്ഥാനത്ത് മുൻപന്തിയിലാണ് കാസർകോട്.
