അഴീക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രം; നിര്‍മാണ പ്രവൃത്തി ഫെബ്രുവരിയില്‍ ആരംഭിക്കും

 


അഴീക്കോട്:-അഴീക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ സങ്കേതിക നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണ പ്രവൃത്തി ഫെബ്രുവരി ആദ്യവാരം ആരംഭിക്കുമെന്ന് കെ.വി സുമേഷ് എം.എല്‍.എ അറിയിച്ചു. ഇതിന് മുന്നോടിയായി എം.എല്‍.എയുടെ നേതൃത്വത്തില്‍ എന്‍.എച്ച്.എം പ്രതിനിധികളും നിര്‍മാണ കരാര്‍ ഏറ്റെടുത്ത എച്ച്.എല്‍.എല്‍ പ്രതിനിധികളും സ്ഥലപരിശോധന നടത്തി.

പഴയ കെട്ടിടത്തിന്റെ സ്ഥലം ഉപയോഗപ്പെടുത്തി ആധുനിക സൗകര്യങ്ങളോടുകൂടി അഞ്ചര കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മിക്കുക. ഇതിനായി എം.എല്‍.എ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് ഭാരവാഹികള്‍, ജില്ലാ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍, എന്‍ എച്ച് എം പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാരിന് സമര്‍പ്പിച്ച പ്രൊപ്പോസല്‍ പരിഗണിച്ച് നാല് കോടി രൂപയാണ് നിര്‍മാണത്തിന് അനുവദിച്ചത്. ഇതിന് പുറമേ എം.എല്‍.എ ഫണ്ടും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടും ചേര്‍ത്ത് ഒന്നര കോടി രൂപ കൂടി വിനിയോഗിക്കും.

സ്ഥല പരിശോധനയില്‍ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം വിജേഷ്, അഴീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ സുരേഷന്‍, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി ശ്രീരാഗ്, അഴീക്കോട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ സി.വി വിജയശ്രീ, ജസ്‌ന, പഞ്ചായത്ത് അംഗങ്ങളായ കെ ജിഷ, പി രമേശന്‍, കെ.എം വിജിന, കെ സജിന, മെഡിക്കല്‍ ഓഫീസര്‍ ഡോ.മിനി ശ്രീധര്‍, പി ആര്‍ ഒ ഇ.വി ഉമേഷ് എന്നിവര്‍ പങ്കെടുത്തു.

Previous Post Next Post