കാട്ടുപന്നികളെ തുരത്താൻ ഷൂട്ടർമാരെ ഇറക്കി മലപ്പട്ടം, പയ്യാവൂർ ഗ്രാമപഞ്ചായത്ത്


ശ്രീകണ്ഠപുരം :- ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കുകയും മനുഷ്യജീവന് ഭീഷണിയാകുകയും ചെയ്യുന്ന കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിനുവേണ്ടി ഷൂട്ടർമാരെ രംഗത്തിറക്കിയിരിക്കുകയാണ് പയ്യാവൂർ, മലപ്പട്ടം പഞ്ചായത്ത് അധികൃതർ. പയ്യാവൂർ ഗ്രാമപ്പഞ്ചായത്ത് സ്വന്തമായി ഷൂട്ടർമാരുടെ പാനൽ രൂപവത്കരിച്ചാണ് കാട്ടുപന്നികളെ നേരിടാൻ ഇറക്കിയിരിക്കുന്നത്. കാട്ടുപന്നികളെ കൊല്ലുന്നതിന് അനുമതി നൽകാൻ പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരെ ഓണററി വൈൽഡ് ലൈഫ് വാർഡന്മാരായി സർക്കാർ നിയമിച്ചിരുന്നു. 

ഈ അധികാരം ഉപയോഗിച്ചാണ് പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി പയ്യാവൂർ പഞ്ചായത്തിലെ വിവിധ മേഖലകളിലുള്ള തോക്ക് ലൈസൻസുള്ള എട്ട് ആളുകൾക്ക് കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള അനുമതി നൽകി ഉത്തരവിറക്കിയത്. ഇത്തരത്തിൽ കൊല്ലുന്ന പന്നികളെ ശാസ്ത്രീയമായി മറവുചെയ്യേണ്ടത് ഷൂട്ടർമാരുടെ ചുമതലയാണ്. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നി ആക്രമണം കാരണം പയ്യാവൂരിൽ തന്നെ നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. പാടാം കവലയിൽ കാട്ടുപന്നി ആക്രമണം കാരണം ഒരു സ്ത്രീ മരിച്ച സാഹചര്യവുമുണ്ടായി. ആവശ്യമെന്നുകണ്ടാൽ കൂടുതൽ ആളുകൾക്ക് അനുമതി നൽകുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. 

മലപ്പട്ടം പഞ്ചായത്തിൽ നടുവിൽ കേന്ദ്രമായുള്ള കർഷകരക്ഷാസേനയുടെ സഹായത്തോടെയാണ് പന്നികളെ നേരിടുന്നത്. മുട്ടത്തിൽ ബെന്നിയുടെ നേതൃത്വത്തിലുള്ള 22 അംഗ സംഘമാണ് എത്തിയത്. പ്രത്യേക പരിശീലനം നേടിയ നാല് നായാട്ടുനായ്ക്കളും ഇവർക്കൊപ്പമുണ്ട്. ആദ്യദിനം മലപ്പട്ടം സെന്റർ, കൊളന്ത, അഡൂർ, കുപ്പം, കാപ്പാട്ടുകുന്ന്, അടിച്ചേരി, കൊവുന്തല, തേക്കിൻകൂട്ടം, ചുളിയാട്, പതിനാറാംപറമ്പ് പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പരിശീലനം നടത്തിയത്. രണ്ട് പന്നികളെ കൊന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.പി ലക്ഷ്മണൻ, സ്ഥിരംസമിതി അംഗങ്ങളായ സി.അനീഷ് കുമാർ, എ.ഒതേനൻ, പഞ്ചായത്തംഗങ്ങളായ രാമചന്ദ്രൻ, ഇ.ഷിനോജ് എന്നിവരും തിരച്ചിലിന് നേതൃത്വം നൽകി.

Previous Post Next Post