മതമൈത്രിയും മനുഷ്യസൗഹാർദവും വിളിച്ചോതി കല്യാശ്ശേരി കോലത്തുവയൽ ചിറക്കുറ്റി പുതിയകാവ് കളിയാട്ടത്തിലെ ബപ്പിരിയൻ തെയ്യവും മാപ്പിള പൊറാട്ടുകളും



കല്യാശ്ശേരി :- മതമൈത്രിയും മനുഷ്യസൗഹാർദവും വിളിച്ചോതി ബപ്പിരിയൻ തെയ്യവും മാപ്പിള പൊറാട്ടുകളും നിറഞ്ഞാടി. കല്യാശ്ശേരി കോലത്തുവയൽ ചിറക്കുറ്റി പുതിയകാവ് കളിയാട്ടത്തിന്റെ സമാപന ദിവസമായ ചൊവ്വാഴ്ച പുലർച്ചെയാണ് അപൂർവ തെയ്യക്കോലങ്ങൾ കെട്ടിയാടിയത്. ക്ഷേത്രാങ്കണത്തിൽ കെട്ടിയാടുന്ന ബപ്പിരിയനും മാപ്പിള പൊറാട്ടുകളും പുതുതലമുറയ്ക്ക് മഹത്തായ സന്ദേശമെത്തിക്കുന്ന അനുഷ്ഠാനകല കൂടിയാണ്. ജാതിക്കും മതത്തിനുമപ്പുറം മാനവമൈത്രിയും സ്നേഹവുമാണ് ഈ തെയ്യങ്ങളിലൂടെ തുറന്നുകാണിക്കുന്നത്. ഭക്തിക്കൊപ്പം മാപ്പിളവേഷധാരികളായ പൊറാട്ടുകളുടെ ഹാസ്യരസപ്രധാനമായ സംഭാഷണങ്ങളും വിശ്വാസികളെ ചിരിയിൽനിന്ന് ചിന്തയിലേക്ക് നയിക്കുന്നു. മതനിരപേക്ഷതയും സമഭാവനയും ബപ്പിരിയൻ തെയ്യത്തിന്റെയും അകമ്പടിക്കാരുടെയും ഐതിഹ്യം കലർന്ന തോറ്റംപാട്ടുകളിലുമുണ്ട്. മാപ്പിളത്തെയ്യങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോലങ്ങൾ മരക്കലത്തമ്മ എന്ന ദേവതാസങ്കല്പത്തിൻ്റെ കൂടെയിറങ്ങുന്ന തെയ്യക്കോലങ്ങളാണ്. മിക്ക ക്ഷേത്രങ്ങളിലും മരക്കലത്തമ്മ എന്ന ഭഗവതി തെയ്യത്തോടൊപ്പമാണ് ഇത്തരം തെയ്യങ്ങൾ കെട്ടിയാടാറുള്ളത്. 

ചിറക്കുറ്റി പുതിയകാവ് ഉൾപ്പെടെ അത്യപൂർവം ക്ഷേത്രാങ്കണങ്ങളിലാണ് ഇവകെട്ടിയാടുന്നത്. ബപ്പിരിയൻ തെയ്യത്തിന്റെ ഐതിഹ്യവും വിശ്വാസപ്രമാണവും പൂർവികരുടെ ആതിഥ്യമര്യാദകളുടെ സൂചകം കൂടിയാണ്. കടൽവഴി എത്തിയെന്ന് വിശ്വസിക്കുന്ന മരക്കലത്തമ്മ (ആരപ്പുങ്കനി അടക്കമുള്ള ഭഗവതി തെയ്യങ്ങൾ) യുടെ സഹായിയായി എത്തിയതാണ് ഇസ്ലാം മത വിശ്വാസിയെന്ന് കരുതപ്പെടുന്ന ബപ്പിരിയനും അകമ്പടിക്കാരും. ബപ്പിരിയൻ തെയ്യത്തെക്കുറിച്ച് നിരവധി ഐതിഹ്യങ്ങൾ നിലവിലുണ്ട്. അതിലൊന്ന് മാത്രമാണ് മരക്കലത്ത ദേവതമാരുമായി ബന്ധപ്പെട്ടത്. ഇതിന്റെ ഭാഗമായാണ് ആര്യപ്പൂങ്കന്നി തെയ്യക്കോലത്തിന് മുന്നോടിയായും വലിയതമ്പുരാട്ടി തെയ്യത്തിന് ശേഷവും ബപ്പിരിയനും പൊറാട്ടുകളും കെട്ടിയാടുന്നത്. ഹാസ്യം നിറഞ്ഞ സംസാരത്തിലൂടെ പൊറാട്ട് കുസൃതികൾ കാണാൻ നിരവധി വിശ്വാസികൾ എത്തുന്നതും പതിവാണ്.

Previous Post Next Post