തളിപ്പറമ്പ് :- സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന്റെ നാലാംനിലയിൽ കയറി യുവാവിൻ്റെ ആത്മഹത്യാഭീഷണി. പാപ്പിനിശ്ശേരിയിലെ 25-കാരനാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ മുകളിൽ യുവാവ് നിലയുറപ്പിച്ചത് ഒരു മണിക്കൂറിലേറെ ആളുകളെ ആശങ്കയിലാക്കി. യുവാവിനെ പിന്നീട് അനുനയിപ്പിച്ച് താഴെയിറക്കി. ആത്മഹത്യാഭീഷണി തുടങ്ങിയതു മുതൽ അഗ്നിരക്ഷാസേന വലയുമായി കാത്തിരുന്നു. പോലീസും സ്ഥലത്തെത്തി.
ഇതിനിടെ അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ കുര്യാക്കോസ് യുവാവുമായി സംസാരിച്ചു. ഏറെ സമയത്തെ ചർച്ചയൊടുവിൽ ആത്മഹത്യശ്രമം ഉപേക്ഷിച്ച് താഴേക്ക് വരാമെന്നായി. താഴെയിറക്കുന്നതിനിടെ കുഴഞ്ഞുപോയ യുവാവിനെ ഉടനെ താലൂക്ക് ആസ്പത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. പിന്നീട് പോലീസ് സാന്നിധ്യത്തിൽ ബന്ധുക്കളോടൊപ്പം പറഞ്ഞുവിട്ടു. വിദ്യാലയത്തിന് സമീപപ്രദേശത്തെ പെൺകുട്ടിയുമായി ഇയാൾക്ക് അടുപ്പമുണ്ടെന്നും പ്രണയനൈരാശ്യമാണ് ഇയാളെ കെട്ടിടത്തിന് മുകളിൽ കയറാൻ പ്രേരിപ്പിച്ചതെന്നും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു
