കോട്ടയം :- സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി ഏഴ് പേർ മരിച്ചു. കോട്ടയത്തും കുന്നമഗംലത്തും തിരുവനന്തപുരത്തെ ശ്രീകാര്യത്തുമാണ് വാഹനാപകടങ്ങൾ ഉണ്ടായത്. രണ്ടിടത്ത് കെഎസ്ആർടിസി ബസുകൾ അപകടത്തിൽ പെട്ടു. കോട്ടയം മോനിപ്പള്ളിയിൽ കെഎസ്ആർടിസി ബസും മാരുതി 800 കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന 2 പേർ മരിച്ചു. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് എതിർ ദിശയിൽ വന്ന കാറിലേക്ക് ഇടിക്കുകയായിരുന്നു. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഇവരിൽ രണ്ട് പേരെ 1 ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കാർ പൂർണമായും തകർന്നു.
കോഴിക്കോട് കുന്നമംഗലത്ത് കാറും പിക്കപ്പ് ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ട് പേരും പിക്കപ്പ് ലോറി ഡ്രൈവറും മരിച്ചു. കാർ യാത്രക്കാരനായ കൊടുവള്ളി സ്വദേശി നിഹാൽ, പിക്കപ്പ് ഡ്രൈവർ വയനാട് സ്വദേശി ഷമീർ എന്നിവരാണ് മരിച്ച രണ്ട് പേർ. പുലർച്ചെ 2 മണിയോടെയാണ് അപകടമുണ്ടായത്. പിക്കപ്പ് വാനിലുണ്ടായിരുന്ന ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.
തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. ഇന്ന് രാഗേഷിന്റെ വിവാഹം നടക്കാനിരിക്കെയാണ് അപകടം. പുലർച്ചെ ഒരു മണിയോടെ പാങ്ങപ്പാറ മാങ്കുഴിയിൽ വച്ചാണ് അപകടം നടന്നത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
