തിരുവനന്തപുരം :- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് രാഹുൽ ഈശ്വറിന് പുതിയ കുരുക്ക്. കേസിൽ നേരത്തെ ജയിലിലായ രാഹുൽ ഈശ്വർ ജാമ്യത്തിലിറങ്ങിയ ശേഷവും യുവതിയെ അധിക്ഷേപിച്ചതാണ് പുതിയ കുരുക്കായി മാറുന്നത്. അതിജീവിതയെ വീണ്ടും അപമാനിച്ച രാഹുലിൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സമർപ്പിച്ച ഹർജിയിൽ കോടതി നോട്ടീസയച്ചു. ഈ മാസം 19 ന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകണമെന്ന് തിരുവനന്തപുരം അഡീഷണൽ സി ജെ എം കോടതി ആവശ്യപ്പെട്ടു. ജാമ്യം അനുവദിച്ചപ്പോൾ, പരാതിക്കാരിക്കെതിരെ മോശം പരാമർശങ്ങൾ നടത്തരുതെന്ന് കോടതി കർശന നിർദ്ദേശം നൽകിയിരുന്നുവെന്നും ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്.
രാഹുൽ ഈശ്വറിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പത്താം തിയതിയാണ് പൊലീസ് കോടതിയെ സമീപിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയെ യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചുവെന്നും ഇത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട ബലാത്സംഗ കേസിൽ പരാതി നൽകിയ യുവതിയെ രാഹുൽ ഈശ്വർ തൻ്റെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചതോടെയാണ് നേരത്തെ കേസെടുത്തതും രാഹുൽ ഈശ്വർ അറസ്റ്റിലായതും. ഈ കേസിൽ ജാമ്യം അനുവദിച്ചപ്പോൾ, പരാതിക്കാരിക്കെതിരെ മോശം പരാമർശങ്ങൾ നടത്തരുതെന്ന് കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.
ജാമ്യത്തിലിറങ്ങിയ ശേഷവും യുട്യൂബ് ചാനലിലൂടെ നടത്തിയ പരാമർശങ്ങൾ അതിജീവിതയുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്നും അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുള്ളതാണെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജാമ്യം നൽകിയ തിരുവനന്തപുരം അഡീഷണൽ സി ജെ എം കോടതിയിലാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ അത് റദ്ദാക്കാനുള്ള അധികാരം കോടതിക്കുണ്ട്. പൊലീസിന്റെ അപേക്ഷ പരിഗണിച്ച് കോടതി നോട്ടീസ് അയച്ചതോടെ ജാമ്യം റദ്ദാകുമോ എന്നതാണ് അറിയാനുള്ളത്.
