കണ്ണൂർ :- പയ്യാമ്പലം നീർക്കടവ് ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയെ അതിസാഹസികമായി രക്ഷപ്പെടുത്തി. നീർക്കടവ് സ്വദേശി അഭിലാഷാണ് സ്വന്തം ജീവൻ പണയപ്പെടുത്തി യുവാവിനെ മരണമുഖത്തുനിന്ന് തിരികെ ജീവിതത്തിലേക്ക് എത്തിച്ചത്. മംഗളുരിലെ കോളേജ് വിദ്യാർത്ഥികളായ സംഘമാണ് അവധി ദിനമായ വൈകുന്നേരത്തോടെ ബീച്ചിലെത്തിയത്. കടലിലെ ശക്തമായ തിരമാലയിലും ഒഴുക്കിലും പെട്ട് സംഘത്തിലെ ഒരു യുവാവ് അപകടത്തിൽപ്പെടുകയായിരുന്നു.
കൂടെയുള്ളവർ പരിഭ്രാന്തരായി നിലവിളിച്ചതോടെ പരിസരത്തുണ്ടായിരുന്ന അഭിലാഷ് ഒട്ടും വൈകാതെ കടലിലേക്ക് ചാടി. ശക്തമായ അടിയൊഴുക്കിനെ അവഗണിച്ച് നടത്തിയ തിരച്ചിലിനൊടുവിൽ വിദ്യാർത്ഥിയെ സുരക്ഷിതമായി കരയ്ക്കെത്തിക്കാൻ ഇദ്ദേഹത്തിന് സാധിച്ചു. സംഭവമറിഞ്ഞ് കോസ്റ്റൽ വാർഡനും പോലീസും സ്ഥലത്തെത്തി. കൃത്യസമയത്ത് ഇടപെട്ട് വലിയൊരു ദുരന്തം ഒഴിവാക്കിയ അഭിലാഷിനെ പൊലീസും നാട്ടുകാരും അഭിനന്ദിച്ചു. വിദ്യാർത്ഥി അപകടനില തരണം ചെയ്തിട്ടുണ്ട്.
