കണ്ണൂർ :- അത്താഴക്കുന്നിൽ കാൽനടയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു നിർത്താതെ പോയ കാറും കാർ ഓടിച്ചയാളെയും നാല് ആഴ്ചകൾക്കു ശേഷം ടൗൺ പൊലീസ് പിടികൂടി. അത്താഴക്കുന്ന് സ്വദേശി ഇബ്രാഹിമിനെ ഇടിച്ച ശേഷം നിർത്താതെ പോയ കാറാണ് പോലീസിന്റെ അന്വേഷണ മികവിൽ കണ്ടെത്തിയത്. കാർ ഓടിച്ചിരുന്ന അത്താഴക്കുന്ന് സ്വദേശി മുംതസിറിനെ (30) അറസ്‌റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഡിസംബർ 3ന് രാവിലെയായിരുന്നു അപകടം. ഇബ്രാഹിമിനെ ഇടിച്ച ശേഷം കാർ സമീപത്തെ മതിലിലും ഇടിച്ചിരുന്നു.
സാരമായി പരുക്കേറ്റ ഇബ്രാഹിം ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. അപകടസ്ഥലത്ത് സിസിടിവി ഇല്ലാതിരുന്നത് അന്വേഷണത്തിന് പ്രതിസന്ധി സൃഷ്‌ടിച്ചു. ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ, വാഹനം കടന്നുപോയ വഴികളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെക്കുറിച്ച് സൂചന ലഭിക്കാൻ സഹായകമായത്. ഉടമയുടെ ബന്ധുവാണ് ഓടിച്ചിരുന്നത്. അപകടത്തിന് ശേഷം അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗിച്ചു വരികയായിരുന്നു. ടൗൺ ഇൻസ്പെക്ടർ പി.എ ബിനു മോഹൻ, എസ്ഐ പി.കെ ഷാജി, എസിപിഒ ബൈജു, സിപിഒ സി.പി നാസർ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിനു നേതൃത്വം നൽകിയത്
