ജാബിർ പാലത്തുങ്കരയ്ക്ക് കേരളാ ഫോക്ലോർ അക്കാദമിയുടെ യുവപ്രതിഭാ പുരസ്കാരം


കണ്ണൂർ :- മാപ്പിളപ്പാട്ട് ഗാനാലാപനത്തിലും മാപ്പിളകലാ പരിശീലനത്തിലും ശ്രദ്ധേയനായ ജാബിർ പാലത്തുങ്കരയ്ക്ക് കേരളാ ഫോക്ലോർ അക്കാദമിയുടെ യുവപ്രതിഭാ പുരസ്കാരം. ചെറിയ പ്രായംതൊട്ട് മാപ്പിളപ്പാട്ടുകളിലൂടെ തിളങ്ങി മാപ്പിളകലാ പരിശീലകനായ ജാബിർ കോളജ് കലോത്സവങ്ങളിൽ സംസ്ഥാനത്തുടനീളം നിരവധി പ്രതിഭകളെ സമ്മാനിച്ച പരിശീലകനാണ്.

ജില്ലാ സ്‌കൂൾ കലോത്സവങ്ങളിൽ നിന്ന് തുടങ്ങി സംസ്ഥാനതലം വരെയും കണ്ണൂർ സർവകലാശാല കലോത്സവത്തിലും സി.ബി.എസ്.ഇ സ്കൂൾ കലോത്സവങ്ങളിലും ജാബിറിന്റെ ശിഷ്യർ മികവു കാട്ടി. വിവിധ മത്സരങ്ങളിൽ വിധികർത്താവായിട്ടുണ്ട്. തളിപ്പറമ്പ് നഗരസഭയ്ക്ക് കീഴിൽ മാപ്പിള കലാപരിശീലകനാണ്. അടുത്തിടെ സഊദി അറേബ്യയിൽ നടന്ന മാപ്പിളപ്പാട്ട് മത്സരത്തിലും വിജയിയായിട്ടുണ്ട്. കലോത്സവ വേദിക്ക് പിന്നിലെ നിറസാന്നിധ്യമായ ജാബിർ നേരത്തെ സംസ്ഥാന സർക്കാറിൻ്റെ ഫെലോഷിപ്പും നേടിയിട്ടുണ്ട്. സൈനബയുടെയും പരേതനായ ശാദുലി ഹാജിയുടെയും മകനാണ്. മുണ്ടേരി കാനിച്ചേരി സ്വദേശിനി ഹഫ്സീലയാണ് ഭാര്യ. സൈനബ്, ഷാൻ മുഹമ്മദ് എന്നിവർ മക്കളാണ്.



Previous Post Next Post