തലശ്ശേരി :- കൈക്കൂലിക്കേസിൽ വില്ലേജ് ഓഫീസറെയും വില്ലേജ് അസിസ്റ്റന്റിനെയും തലശ്ശേരി വിജിലൻസ് കോടതി വിവിധ വകുപ്പുകളിൽ അഞ്ച് വർഷം വീതം കഠിന തടവിനും 90,000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ പരാതിക്കാരന് കോടതി വിധിയിലൂടെ ലഭിച്ച വസ്തുവിന്റെ നികുതി സ്വീകരിക്കുന്നതിന് 10,000 രൂപ കൈകൂലി വാങ്ങിയെന്നാണ് കേസ്.
കണ്ണൂർ മുൻ വില്ലേജ് ഓഫീസറും നിലവിൽ കണ്ണൂർ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാറും ബക്കളം സ്വദേശിയുമായ കെ.വി ഷാജു (55), കണ്ണൂർ വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് അസിസ്റ്റന്റ് ഏച്ചൂരിലെ സി.വി പ്രദീപൻ (59) എന്നിവരെയാണ് ജഡ്ജി കെ.രാമകൃഷ്ണൻ ശിക്ഷിച്ചത്. 2012-ൽ കണ്ണൂർ വിജിലൻസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ കെ.ഉഷാകുമാരി, പി.ജിതിൻ എന്നിവർ ഹാജരായി.
