അജിത് പവാറിന്റെ മരണം ; വിമാനക്കമ്പനി അധികൃതരെ ചോദ്യം ചെയ്തു, ഓഫീസിൽ ഉദ്യോഗസ്ഥരുടെ പരിശോധന


ദില്ലി :- മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാന അപകടത്തിൽ അന്വേഷണം തുടരുന്നു. അന്വേഷണ സംഘം ദില്ലിയിലെ വിഎസ്ആർ വിമാനക്കമ്പനി അധികൃതരെ ചോദ്യം ചെയ്തു. ദില്ലി മഹിപാൽപൂരിലെ ഓഫീസിലെ ജീവനക്കാരെയാണ് ചോദ്യം ചെയ്തത്. വിഎസ്‌ആർ കമ്പനി ഓഫീസിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും ചെയ്തു. രോഹിത് സിങ്, വിജയ കുമാർ സിങ് എന്നിവരാണ് കമ്പനി ഡയറക്ടർമാർ. കമ്പനി വിവിധ നഗരങ്ങളിലായി 18 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ഇന്നലെയാണ് മുംബൈയിൽ നിന്നും ബാരാമതിയിലേക്കുള്ള യാത്രക്കിടെ വിമാനം തകർന്നുവീണ് അജിത് കുമാറും വിമാനത്തിലുണ്ടായിരുന്നവരും കൊല്ലപ്പെടുന്നത്.

ബാരാമതിയിലെ അപകടസ്ഥലത്ത് ഇന്നും പരിശോധന തുടരും. ഇന്നലെ ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. പ്രാഥമിക റിപ്പോർട്ട് ഇന്ന് വൈകുന്നേരം സമർപ്പിച്ചേക്കും. അജിത് പവാറിന്റെ സംസ്കാരം ഇന്ന് ബാരാമതിയിൽ നടക്കും. അജിത് പവാറിന്റെ ഭൗതിക ശരീരം കത്തേവാഡിയിലെ വീട്ടിലെത്തിക്കും. ഇവിടെ ഒരു മണിക്കൂർ പൊതുദർശനമുണ്ടാകും. തുടർന്ന് ഇവിടെ നിന്ന് വിലാപയാത്രയായി സംസ്കാര ചടങ്ങുകൾ നടക്കുന്ന വിദ്യാ പ്രതിഷ്ഠാൻ കോളേജിൽ എത്തിക്കും. 

വിമാനത്താവളത്തിലെ എടിസി പ്രവർത്തനങ്ങൾ താൽക്കാലികമായി വ്യോമസേന ഏറ്റെടുക്കും. നിലവിൽ ഇവിടെയുള്ളവർക്ക് പരിശീലനം നൽകും. മഹാരാഷ്ട്ര സർക്കാരിൻ്റെ അഭ്യർത്ഥനപ്രകാരമാണ് നടപടി. ഇന്നലെ രാവിലെയാണ് മഹാരാഷ്ട്രയിലെ ബാരാമതിയിൽ വെച്ചുണ്ടായ വിമാന അപകടത്തിൽ അജിത് പവാറിന്റെ അന്ത്യം. അജിത് പവാർ സഞ്ചരിച്ച വിമാനം ബാരാമതി വിമാനത്താവളത്തിനടുത്ത് തകർന്ന് വീണ് കത്തിയമരുകയായിരുന്നു. അജിത് പവാറടക്കം വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും തൽക്ഷണം മരിച്ചു. പൈലറ്റിന് റൺവേ കൃത്യമായി കാണാൻ കഴിയാതെ പോയതാണ് ദുരന്തത്തിനിടയാക്കിയതെന്നാണ് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു വ്യക്തമാക്കിയത്.

ഇന്നലെ രാവിലെ 8.10നാണ് മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് അജിത് പവാറും സംഘവും പുറപ്പെട്ടത്. അജിത് പവാറിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥനായ വിദിപ് ജാദവ്, പൈലറ്റുമാരായ സുമിത് കപൂർ, സാംബവി പഥക്, ഫ്ലൈറ്റ് അസിസ്റ്റൻ്റ് പിങ്കി മാലി എന്നിവരായിരുന്നു ലിയർ ജെറ്റ് -45 എന്ന വിമാനത്തിലുണ്ടായിരുന്നത്. കർഷക റാലിയടക്കം ബാരാമതിയിൽ നാല് പരിപാടികളിൽ, പുണെ ജില്ലാ പരിഷദ് തെരഞ്ഞെടുപ്പ് പ്രചാരണം ഇതായിരുന്നു അജിത് പവാറിൻ്റെ യാത്രാ പദ്ധതി. 8.50നായിരുന്നു വിമാനത്തിൻ്റെ ലാൻഡിംഗ് നിശ്ചയിച്ചിരുന്നത്. താഴ്ന്ന വിമാനം റൺവേ തൊടുന്നതിന് മുൻപ് തകർന്ന് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. തീപിടിച്ച വിമാനത്തിൽ രണ്ട് മൂന്ന് തവണ പൊട്ടിത്തെറിയുണ്ടായെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അരമണിക്കൂറോളം വിമാനം കത്തി. തുടർന്നാണ് ഫയർ ഫോഴ്‌സിന്‌ പോലും അടുത്തേക്കെത്താൻ കഴിഞ്ഞത്. എല്ലാവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.

Previous Post Next Post