കമ്പിൽ:-ജനകീയാസൂത്രണ പ്രസ്ഥാനം കേരളം രാജ്യത്തിനും ലോകത്തിനും മാതൃകയാണെന്നും, 73 - 74 ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തിന് ലഭ്യമായ വികേന്ദ്രീകരണാസൂത്രണവും ഗ്രാമസ്വരാജ് എന്ന മഹാത്മജിയുടെ സ്വപ്നവും ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തിയ ഒരു സംസ്ഥാനമാണ് കേരളം അതുകൊണ്ടുതന്നെയാണ് കേരളത്തിലെ ജനകീയാസൂത്രണ പ്രസ്ഥാനം രാജ്യത്തിനും ലോകത്തിനും മാതൃകയാകുന്നതെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യൻ അഭിപ്രായപ്പെട്ടു.
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് കമ്പിൽ സി എച്ച് മുഹമ്മദ് കോയ സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ച 2k30 സമഗ്ര - സ്റ്റേക് ഹോൾഡേഴ്സ് ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ബജറ്റിന്റെ മുപ്പത് ശതമാനത്തോളം തുകഗ്രാമതലങ്ങളിലേക്ക് കൈമാറി ഗ്രാമ തലത്തിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കരുത്തുറ്റതാക്കി മാറ്റുകവഴി ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾക്കുള്ള അധികാരവും പങ്കാളിത്തവും ഏറെ മനോഹരമായി ദൃശ്യവൽക്കരിക്കുകയാണ് ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ നമ്മൾ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി ഷമീമ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം മുസ്തഫ കോടിപ്പോയിൽ ആശയ സംവേദനവും, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഫസീല സ്റ്റാറ്റസ് റിപ്പോർട്ടും അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.കെ.പി നസീർ , കെ.സി.പി ഫൗസിയ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി വി റഹ്മത്ത്, ടിന്റുസുനിൽ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ്, മുൻ വൈസ് പ്രസിഡണ്ട് എം. സജ്മ , എം.അബ്ദുൽ അസീസ്, എം.അനന്തൻ മാസ്റ്റർ മാസ്റ്റർ, കെ.എം ശിവദാസൻ, എം.ദാമോദരൻ, കെ വി ശശിധരൻ, കെ പ്രേമരാജൻ എന്നിവർ സംസാരിച്ചു.
വിവിധ ഗ്രൂപ്പ് ചർച്ചകൾക്ക് പി വി വത്സൻ മാസ്റ്റർ, കെ ബാലസുബ്രഹ്മണ്യം, വിനോദ് എടക്കൈ, ഇസ്മായിൽ എഫ് എച്ച് സി കൊളച്ചേരി, ജാബിർ മാസ്റ്റർ കാരയാപ്പ്, ജലീൽ പള്ളിപ്പറമ്പ് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് ഫെസിലിറ്റേറ്റർ മൻസൂർ പാമ്പുരുത്തി ക്രോഡീകരണ പ്രസംഗം നടത്തി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വത്സൻ സ്വാഗതവും, സെക്രട്ടറി എൻ.ആന്റണി നന്ദിയും പറഞ്ഞു.









