ഇരിട്ടി :- പഴശ്ശി പദ്ധതിയിൽ നിന്ന് കനാൽ വഴി കൃഷി ആവശ്യത്തിനുള്ള ജലവിതരണം ജനുവരിയിൽ തന്നെ തുടങ്ങി. വർഷങ്ങൾക്കുശേഷമാണ് ഇത് സാധ്യമാകുന്നത്. കനാലിന്റെ മൂന്ന് ഷട്ടറുകൾ 10 സെന്ററി മീറ്റർ വീതം ഉയർത്തിയാണ് കനാലിലേക്കുള്ള ജലവിതരണം ആരംഭിച്ചത്. കഴിഞ്ഞവർഷം മെയിൻ കനാൽ വഴി പറശ്ശിനിക്കടവ് നീർപ്പാലം വരെ 42.5 കിലോമീറ്ററും മാഹി ബ്രാഞ്ച് കനാൽ വഴി 23.34 കി ലോമീറ്ററും ജലമൊഴുക്കാൻ കഴിഞ്ഞിരുന്നു. ഇക്കുറി കൂടുതൽ ബ്രാഞ്ച് കനാലുകളിലേക്ക് വെള്ളം എത്തിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ 10 മണിയോടെ ഷട്ടർ തുറന്ന് ഒരുമണിക്കുറിനുള്ളിൽ തന്നെ മൂന്ന് കിലോമീറ്റർ ദൂരം വെള്ളം ഒഴുകിയെത്തി. വൈകീട്ട് ആറുമണിയോടെ മെയിൻ കനാൽ വഴി 15 കിലോമീറ്റർ വെള്ളം ഒഴുകിയെത്തിയത് വൻ പ്രതീക്ഷയാണ് നൽകുന്നത്. മുന്ന് ദിവസത്തിനുള്ളിൽതന്നെ 42 കിലോ മീറ്റർ മെയിൻ കനാൽ ഭാഗങ്ങളിലേക്ക് വെള്ളം എത്തിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് പഴശ്ശി ജലസേചനവിഭാഗം അധികൃതർ. വെള്ളത്തിൻ്റെ ഒഴുക്ക് നിരീക്ഷിച്ചശേഷം ഷട്ടറുകൾ കൂടുതൽ ഉയർത്തി കൂടുതൽ വെള്ളം ഒഴുക്കിവിടു മെന്ന് എക്സിക്യൂട്ടിവ് എൻജിനിയർ ജയരാജൻ കാണിയേരി പറഞ്ഞു.
ഇക്കുറി അഴിക്കൽ ബ്രാഞ്ച് കനാൽ, എടക്കാട് ബ്രാഞ്ച് കനാൽ എന്നിവിടങ്ങളിൽ എട്ടുകിലോമീറ്റർ വരെ ടെസ്റ്റ് റൺ നടത്താനും തീരുമാനിച്ചി ട്ടുണ്ട്. കൂടാതെ, പാതിരിയാട്, കതിരൂർ, മൊകേരി, വള്ള്യായി, കടവത്തൂർ എന്നീ ഡിസ്ട്രി ബ്യൂഷനുകളിലും കൈ കനാലുകളായ മാമ്പ-രണ്ട്, കാവുംതാഴെ. മണിയൂർ, തരിയേരി, തണ്ടപ്പുറം, വേശാല, നണിയൂർ, കടൂർ, മയ്യിൽ, വേങ്ങാട്, കുറുമ്പുക്കൽ, ആമ്പിലാട്, കതിരൂർ, കടവത്തൂർ, മാങ്ങാട്ടിടം, വള്ള്യായി, പാട്യം, മൊകേരി എന്നിവിടങ്ങളിലുടെയുമാണ് ജലവിതരണം സാധ്യമാക്കാൻ ജലസേചനവകുപ്പ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ബജറ്റിൽ പദ്ധതി കനാലുകളുടെ നവീകരണത്തിനായി സർക്കാർ 13 കോടി രൂപ അനുവദിച്ചിരുന്നു.
