സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ ഫയർ ഓഡിറ്റ് നടത്തും


തിരുവനന്തപുരം :- അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ ഫയർ ഓഡിറ്റ് നടത്തുമെന്നു കേരള റെയിൽവേ പോലീസ്. തീയണയ്ക്കാനുള്ള സംവിധാനം പാർക്കിങ് സ്ഥലങ്ങളിലോ സ്‌റ്റേഷനുകളിലോ ഇല്ലെന്നു സുരക്ഷാ ഓഡിറ്റിൽ കണ്ടെത്തിയ സാഹചര്യത്തിലാണിത്. തീയണയ്ക്കുന്നതിൽ ജീവനക്കാർക്കു പരിശീലനം നൽകു മെന്നു റെയിൽവേ എസ്‌പി കെ.എസ്ഷഹൻഷാ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ, എറണാകുളം ജംക്‌ഷൻ, എറണാകുളംടൗൺ, ആലുവ, കണ്ണൂർ, തൃശൂർ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ ഉൾപ്പെടെ പോരായ്മകൾ ഉണ്ടെന്നാണു സുരക്ഷാ ഓഡിറ്റിൽ കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ ഉൾപ്പെടെ കരാർ നൽകിയതിൽ അധികം സ്‌ഥലങ്ങൾ പാർക്കിങ്ങിനായി കരാറുകാർ ഉപയോഗിക്കുന്നതായി കണ്ടത്തിയിട്ടുണ്ട്. 

ഇലക്ട്രിക് വാഹനങ്ങളും അല്ലാത്തവയും ഒരുമിച്ചു സൂക്ഷിക്കുന്നത് അപകടകരമാണ്. പാർക്കിങ് ഏരിയയിൽ മാലിന്യം കൂട്ടിയിടുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പാർക്കിങ് സ്ഥലങ്ങളിൽ സിസിടിവി നിരീക്ഷണം ഏർപ്പെടുത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കൊച്ചുവേളിയിൽ പാർക്കിങ് ഗ്രൗണ്ടിന് സമീപമുള്ള ഉണക്കപ്പുല്ലും വാഹനങ്ങൾക്കു ഭീഷണിയാണ്. തിരുവനന്തപുരം സെൻട്രൽ ‌സ്റ്റേഷനിൽ നവീകരണം നടക്കുന്നതിനാൽ പവർഹൗസ്  റോഡിലെ സെക്കൻഡ് എൻട്രിയിൽ ഇപ്പോൾ പാർക്കിങ് സൗകര്യമില്ല. പ്ലാസ്‌റ്റിക് മാലിന്യം വേർതിരിക്കുന്ന കലക്‌ഷൻ സെൻ്റർ ഉണ്ടെങ്കിലും മാലിന്യം കൂട്ടിയിടാറില്ല എന്നാണ് അധികൃതർ വിശദീകരിക്കുന്നത്.

Previous Post Next Post