കുറ്റ്യാട്ടൂർ :- കാണാതായ കുറ്റ്യാട്ടൂർ സ്വദേശിയായ പ്രവാസിയെ ഷാർജയിലെ കടലിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തലമൊട്ട സ്വദേശി ഷാബു പഴയക്കലിനെ (43) ആണ് ഷാർജ ജുബൈൽ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാഴ്ചയോളമായി ഷാബുവിനെ കാണാനില്ലായിരുന്നു. അജ്‌മാനിലെ സ്വകാര്യ കമ്പനിയിൽ മൂന്ന് വർഷത്തിലേറെയായി സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തു വരികയായിരുന്നു ഷാബു.
കഴിഞ്ഞ ആഴ്ച സുഹൃത്തുക്കളെ കാണാനെന്നുപറഞ്ഞ് അജ്മാനിലെ ക്യാമ്പിൽ നിന്ന് കമ്പനി വാഹനത്തിൽ ഷാർജ ജുബൈൽ ബസ് സ്റ്റേഷനിൽ ഇറങ്ങിയതായിരുന്നു. പിന്നീട് വിവരമൊന്നുമില്ലാതായതോടെ ബന്ധുക്കളും സുഹൃത്തുക്കളും വലിയ ആശങ്കയിലായിരുന്നു. അന്വേഷണത്തിനിടെ ഷാബുവിന്റെ മൊബൈൽ ഫോൺ മുറിയിൽ സൈലന്റാക്കി വെച്ച നിലയിൽ കണ്ടെത്തുകയും ചെയ്‌തിരുന്നു. ഒടുവിൽ ഷാർജ പോലീസിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് സുഹൃത്തുക്കളും നാട്ടുകാരും എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. 10 വർഷത്തോളമായി പ്രവാസിയായ ഷാബു മുൻപ് കുവൈത്തിലും ജോലി ചെയ്തിട്ടുണ്ട്.
പരേതനായ മാധവന്റെയും യശോദയുടെയും മകനാണ്.
ഭാര്യ : വിജിഷ.
മകൾ : ഇവാനിയ.
സഹോദരങ്ങൾ : സജിത് കുമാർ (കുറ്റ്യാട്ടൂർ സർവീസ് സഹകരണ ബാങ്ക്), ബാബു, ഇന്ദിര, നിഷ.
