കണ്ണൂർ :- എഡിഎം നവീൻബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഉത്തരമേഖലാ ഐജിയുടെ ഉത്തരവനുസരിച്ചു പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു ഹൈക്കോടതിയുടെ നിർദേശം പാലിച്ചാണ് അന്വേഷണം പൂർത്തിയാക്കിയതെന്നും കുറ്റപ്രതത്തിന്റെ കരട് തയാറാക്കി പരാതി ക്കാരിയെ ബോധ്യപ്പെടുത്തിയ ശേഷമാണു കുറ്റപത്രം സമർപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. കേസ് വാദം കേൾക്കാനായി ഫെബ്രുവരി 19 ലേക്കു മാറ്റി.
തുടരന്വേഷണം ആവശ്യപ്പെട്ടു മഞ്ജുഷ നൽകിയ ഹർജിയിലെ കാര്യങ്ങൾക്കു റിപ്പോർട്ടിൽ മറുപടി പറയുന്നുണ്ട്. എഡിഎം മരിച്ച ദിവസം കലക്ടറേറ്റ്, മുനീശ്വരൻ കോവിൽ ജംക്‌ഷൻ, റെയിൽവേ സ്റ്റേഷന്റെ ഇരുവശങ്ങൾ, റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്ഫോം, എഡിഎമ്മിൻ്റെ ഔദ്യോഗിക വസതിയുടെ സമീപപ്രദേശങ്ങൾ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും എഡിഎമ്മിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി പ്രശാന്ത് 2024 ഒക്ടോബർ 6ന് എഡിഎമ്മിന്റെ വസതിക്ക് സമീപമെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതു ശേഖരിക്കാതെയാണ് കുറ്റപ്രതം സമർപ്പിച്ചതെന്ന മഞ്ജുഷയുടെ ആരോപണം ശരിയല്ലെന്നു റിപ്പോർട്ടിൽ പറയുന്നു.
കേസിലെ പ്രതിയും അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.പി ദിവ്യയുടെയും പ്രശാന്തിന്റെയും കലക്ടറുടെയും ഫോൺകോളുകളുടെ വിവരങ്ങളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ദിവ്യയുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കു തിരുവനന്തപുരം ഫൊറൻസിക് ലബോറട്ടറിയിലേക്കും കസ്‌റ്റഡിയിലെടുത്ത മറ്റു രേഖകൾ കണ്ണൂർ റീജനൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്കും നൽകിയിരുന്നു. ഇവയുടെ പരി ശോധനാഫലം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
അതിനാൽ ശാസ്ത്രീയ പരിശോധനയ്ക്കു നടപടി സ്വീകരിച്ചില്ലെന്ന ഹർജിക്കാരിയുടെ ആരോപണം ശരിയല്ലെന്നാണു റിപ്പോർട്ട്. പ്രശാന്തിന്റെ മൊഴി, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, കലക്‌ടർ, റവന്യു വകുപ്പിനായി അന്വേഷണം നടത്തിയ ലാൻഡ് റവന്യു കമ്മിഷണർ എ.ഗീത എന്നീ സാക്ഷികളുടെ മൊഴി, ഗീത സർക്കാരിനു സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് എന്നിവയും കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
