പള്ളിക്കുന്നിൽ കിണർവെള്ളത്തിൽ ഇന്ധന സാന്നിധ്യം ; ടാങ്കുകളുടെ സമ്മർദ പരിശോധന തുടങ്ങി


പള്ളിക്കുന്ന് :- കിണർവെള്ളത്തിൽ ഇന്ധന സാന്നിധ്യമുണ്ടെന്ന പള്ളിക്കുന്ന് ജയ് ജവാൻ റോഡ് നിവാസികളുടെ പരാതിയിൽ സെൻട്രൽ ജയിൽ നടത്തുന്ന പെട്രോൾ പമ്പിലെ ഇന്ധന ടാങ്കുകളുടെ സമ്മർദ പരിശോധനയുടെ പ്രാഥമിക നടപടി തുടങ്ങി. ഇതിൻ്റെ ഭാഗമായി ടാങ്കുകളിലെ ഇന്ധനം നീക്കാൻ തുടങ്ങി. പൂർണമായും നീക്കിയശേഷം ബുധനാഴ്ചയോടെ ടാങ്കുകളിൽ വെള്ളം നിറച്ച് സമ്മർദ പരിശോധന നടത്തും. 20,000 ലിറ്റർ സംഭരണശേഷിയുള്ള മൂന്ന് ഇന്ധന ടാങ്കാണ് പള്ളിക്കുന്ന് പെട്രോൾ പമ്പിലുള്ളത്. ആദ്യത്തെ ടാങ്കിൽ നിന്നുള്ള ഇന്ധനമാണ് നീക്കം ചെയ്യാനാരംഭിച്ചത്.

വരും ദിവസങ്ങളിൽ ശേഷിക്കുന്ന രണ്ട് ടാങ്കുകളുടെയും സമ്മർദ പരിശോധന നടത്തും. എഡിഎം കലാഭാസ്ക‌റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ നടത്തുന്ന പമ്പിലെ മുഴുവൻ ടാങ്കുകളുടെ സമ്മർദ പരിശോധന ഒരാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷന് നിർദേശം നൽകിയിരുന്നു. പരാതിയിൽ കെ.വി സുമേഷ് എംഎൽഎയുടെ സാന്നിധ്യത്തിൽ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൻ്റെ തീരുമാന പ്രകാരമായിരുന്നു നടപടി.

Previous Post Next Post