കേരള പൂരക്കളി അക്കാദമിയുടെ ആസ്ഥാനമന്ദിരം പയ്യന്നൂരിൽ ഒരുങ്ങി ; ഉദ്ഘാടനം ഫെബ്രുവരിയിൽ


പയ്യന്നൂർ :- കേരള പൂരക്കളി അക്കാദമിക്കായി ആസ്ഥാനമന്ദിരം ഒരുങ്ങി. ഫെബ്രുവരി രണ്ടാം വാരത്തിൽ ഉദ്ഘാടനം നടക്കും. വെള്ളൂർ കൊടക്കത്ത് കൊട്ടണച്ചേരി ഭഗവതിക്ഷേത്രം ദേവസ്വം കമ്മിറ്റി വെള്ളൂർ വില്ലേജ് ഓഫീസിന് സമീപം സൗജന്യമായി നൽകിയ 50 സെൻ്റ് സ്ഥലത്താണ് സംസ്ഥാന സർക്കാർ നൽകിയ രണ്ടുകോടി രൂപ ഉപയോഗിച്ച് കെട്ടിടം പണിതത്. ഉത്തരകേരളത്തിലെ അനുഷ്ഠാനകലയായ പൂരക്കളിയെ സംരക്ഷിക്കുന്നതിനും വിപുലീകരിക്കുന്നതിനും ജനകീയമാക്കുന്നതിനുമായാണ് സർക്കാർ പയ്യന്നൂർ ആസ്ഥാനമായ കേരള പൂരക്കളി അക്കാദമി സ്ഥാപിച്ചത്. ഇപ്പോൾ പയ്യന്നൂർ പെരുമ്പ കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം ഡിടിപിസിയുടെ വാടകക്കെട്ടിടത്തിലാണ് അക്കാദമി പ്രവർത്തിക്കുന്നത്. 

പൂരക്കളിയുടെയും മറുത്തുകളിയുടെയും സമഗ്രപഠനവും പരിശീലനവും പ്രദർശനവും വ്യാപനവുമാണ് അക്കാദമിയുടെ ലക്ഷ്യം. വിപുലമായ ലൈബ്രറി, മ്യൂസിയം, സംസ്കൃതപഠനം, പൂരക്കളിസംഗീതം, അനുബന്ധ  കലാ-സാംസ്കാരിക പഠനം, പരിശീലനം, യോഗ-കളരി പഠനകേന്ദ്രം, സംവാദം, കലാപ്രദർശനങ്ങൾ, ഡമോൺസ്ട്രേഷൻ, ഗവേഷണം തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിൽ ഒരുക്കുന്നത്.

ഓഫീസ്, മീറ്റിങ് ഹാൾ, ലൈബ്രറി, മ്യൂസിയം, ഗസ്റ്റ് റൂം, ഡോർമിറ്ററി, അടുക്കള, ഡൈനിങ് ഹാൾ തുടങ്ങിയ സൗകര്യങ്ങൾ കെട്ടിടത്തിൽ ഉണ്ടാകും. ആസ്ഥാനമന്ദിരത്തിൻ്റെ ഉദ്ഘാടനവും പൂരക്കളി, മറുത്തുകളി കലാകാരന്മാർക്കുള്ള പുരസ്സാരവിതരണവും ഫെബ്രുവരി രണ്ടാം വാരം നടക്കും. ഇതിന്റെ സംഘാടകസമിതി രൂപവത്കരണയോഗം ജനുവരി 17 ന് വൈകുന്നേരം വെള്ളൂർ സെൻട്രൽ ആർട്‌സ് നാടകപ്പുരയിൽ നടക്കും.

Previous Post Next Post