കേരളക്കരയുടെ പ്രാർത്ഥനകൾ വിഫലമായി ; ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിൽ കഴിയുകയായിരുന്ന നേപ്പാൾ സ്വദേശി മരണപ്പെട്ടു


കൊച്ചി :- ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിൽ കഴിയുകയായിരുന്ന നേപ്പാൾ സ്വദേശി ദുർഗ കാമി മരിച്ചു. ശ്വാസകോശത്തിന്റെ പ്രവർത്തനം നിലച്ചുവെന്നും പിന്നാലെ ഹൃദസസ്തംഭനവും ഉണ്ടായി എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡാനൺ എന്ന അപൂർവ ജനിതക രോഗമായിരുന്നു ദുർഗ എന്ന 22കാരിക്ക് ഉണ്ടായിരുന്നത്. എറണാകുളം ജനറൽ ആശുപത്രിയിലായിരുന്നു ദുർഗ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയയായത്.

ഡിസംബർ 22 ന് ആയിരുന്നു ശസ്ത്രക്രിയ. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നത്. മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ (46) ഹൃദയമായിരുന്നു ദുർഗക്കായി മാറ്റിവച്ചത്. എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനായി മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.

അനാഥയായ നേപ്പാൾ സ്വദേശിനിയായ ദുർഗ കാമിക്ക് കോടതിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു കേരളം കരുതലൊരുക്കിയത്. ഇപ്പോൾ ഒരു അനുജൻ മാത്രമാണ് ജീവിച്ചിരിക്കുന്നത്. പാരമ്പര്യമായ ഹൃദ്രോഗം കാരണം അമ്മയും മൂത്ത സഹോദരിയും നേരത്തെ മരണമടഞ്ഞിരുന്നു. ഈ പെൺകുട്ടിയ്ക്കും ഇതേ അസുഖമായിരുന്നു. നോക്കാൻ ആരുമില്ലാത്തതിനാൽ അനാഥാലയത്തിലായിരുന്നു ദുർഗാ കാമിയും സഹോദരൻ തിലകും കഴിഞ്ഞിരുന്നത്. വൻ ചികിത്സാ ചെലവ് കാരണമാണ് അവർ കേരളത്തിലെത്തിയത്. അനാഥാലയം നടത്തിപ്പുകാരനായ മലയാളിയാണ് ചികിത്സയ്ക്കായി കേരളത്തിലെത്തിച്ചത്.

Previous Post Next Post