അപകടക്കെണിയൊരുക്കി നണിച്ചേരി - തളിപ്പറമ്പ് റോഡ് ; പൂവത്തുംകുന്ന് കയറ്റത്തിൽ കുടുങ്ങിയ ചരക്കുലോറി ഗതാഗതതടസ്സമാകുന്നു


മയ്യിൽ :- വാഹന യാത്രക്കാർക്ക് അപകടക്കെണിയൊരുക്കി നണിച്ചേരി - തളിപ്പറമ്പ്   റോഡ്. മുയ്യം നണിച്ചേരി മയ്യിൽ റോഡിലെ പൂവത്തുംകുന്ന് കയറ്റത്തിൽ ചരക്കുലോറി കുടുങ്ങിയതിനെ തുടർന്ന് ഒരാഴ്ചയായി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ട നിലയിയിലാണ്. തളിപ്പറമ്പ് ഭാഗത്തേക്ക് ടൺ കണക്കിന് ലോഡുമായി പോകുന്ന ചരക്ക് ലോറിയാണ് എഞ്ചിൻ തകരാറിലായതിനാൽ കയറ്റത്തിൽ റോഡിന്റെ മധ്യത്തിൽ തന്നെ നിന്നുപോയത്. യാതൊരുവിധ സിഗ്‌നൽ സംവിധാനമോ സുരക്ഷാ സംവിധാനമോ ഇല്ലാത്ത ഇരുഭാഗത്തും വലിയ കൊക്കകളുള്ള പ്രധാന റോഡിന്റെ മധ്യഭാഗത്ത് ചരക്ക്‌ലോറി കുടുങ്ങിയത് അറിയാതെ നിരവധി ഇരുചക്രവാഹനയാത്രക്കാരും കാറുകളും അപകടത്തിൽപ്പെടുകയാണ്.

കോടികൾ ചെലവഴിച്ചാണ് നണിച്ചേരി പാലത്തിന്റെയും മെക്കാഡം റോഡിൻ്റെയും പ്രവൃത്തികൾ പൂർത്തിയാക്കിയതെങ്കിലും റോഡ് നിർമാണത്തിലെ അശാസ്ത്രീയത നിമിത്തം ഇതുവഴി വലിയ വാഹനങ്ങൾക്ക് പോകാൻ സാധിക്കാത്ത അവസ്ഥയാണ്. പൂവത്തും കുന്ന് കയറ്റത്തിൽ വലിയ വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. ഇവിടെ നിന്ന് നിയന്ത്രണം വിട്ട് വരുന്ന വാഹനങ്ങൾ ഇതിന് താഴെയുള്ള വീടുകളുടെ മതിലുകൾ ഇടിച്ച് തകർക്കുന്നത് റോഡിന് സമീപത്തെ വീട്ടുകാർക്ക് ഭീഷണിയായിരിക്കുകയാണ്. 

കാസർഗോഡ് - പയ്യന്നൂർ ഭാഗത്ത് നിന്നും കണ്ണൂർ എയർപോർട്ടിലേക്ക് ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന മയ്യിൽ നണിച്ചേരി - തളിപ്പറമ്പ് പ്രധാന റോഡിൽ മധ്യഭാഗത്ത് വലിയ ചരക്ക്‌ലോറി അപകടത്തിൽപ്പെട്ടത് ഒരാഴ്‌ച ആയിട്ടും നീക്കം ചെയ്ത‌് ഗതാഗതം സുഗമമാക്കാൻ തയ്യാറാകാതെ വലിയ അപകടങ്ങളിലേക്ക് വാഹനയാത്രക്കാരെ തള്ളിവിടുന്ന അധികൃതരുടെ നടപടിയിൽ നാട്ടുകാർ വലിയ പ്രതിഷേധത്തിലാണ്

Previous Post Next Post