കോഴിക്കോട് വലിയങ്ങാടിയിലെ കെട്ടിടത്തിന്റെ സ്ലാബുകൾ വീണുണ്ടായ അപകടത്തിൽ മരണം നാലായി


കോഴിക്കോട് :- കോഴിക്കോട് വലിയങ്ങാടിയിൽ കോർപറേഷൻ ഉടമസ്ഥതയിലുളള ഗോഡൗൺ കെട്ടിടത്തിലെ സ്‌ളാബുകൾ തകർന്ന് വീണ് 4 കയറ്റിറക്ക് തൊഴിലാളികൾ മരിച്ചു. കെട്ടിടത്തിന് താഴെ വിശ്രമിക്കുകയായിരുന്ന ജബ്ബാർ, ബഷീർ, അഷ്റഫ്, വിനോദ് എന്നീ തൊഴിലാളികളാണ് കോൺക്രീറ്റ് പാളികൾ ശരീരത്തിൽ പതിച്ച് ദാരുണമായി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.

 രാവിലെ 11.30 ഓടെയാണ് കോഴിക്കോട് കടപ്പുറത്തോട് ചേന്നുളള വലിയങ്ങാടിയിലേക്കുള്ള പ്രധാന പ്രവേശന കവാടത്തിന് സമീപത്തെ കോർപറേഷൻ കെട്ടിടത്തിലെ സൺഷൈഡ് സ്ളാബുകൾ തകർന്ന് താഴെ വിശ്രമിക്കുകയായിരുന്ന തൊഴിലാളികൾക്ക് മേൽ പതിച്ചത്. ഏഴ് പേരായിരുന്നു അപകട സമയം സ്ഥലത്തുണ്ടായിരുന്നത് കോൺക്രീറ്റ് സ്ളാബുകൾ അടർന്ന് വീഴുന്നത് കണ്ട് ഓടി മാറിയ രണ്ട് പേർ രക്ഷപ്പെട്ടു. ബാക്കി അഞ്ച് പേർക്ക് മേലാണ് കൂറ്റൻ ബിമും സ്ളാബുകളും പതിച്ചത്. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന മറ്റു തൊഴിലാളികൾ ഓടിയെത്തി രക്ഷാപ്രവർത്തനം തുടങ്ങി. രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റാനായെങ്കിലും ബീമിന് അടിയിൽ പെട്ട മൂന്ന് പേരെ ഫയർഫോഴ്‌സ്‌ എത്തിയ ശേഷമാണ് പുറത്തെടുത്തത്.

ബീച്ച് ആശുപത്രിയിൽ എത്തിക്കുന്പോഴേക്കും ബഷീറിന്റെയും അഷ്റഫിന്റെയും ജീവൻ നഷ്‌ടമായിരുന്നു. ആശുപത്രിയിൽ എത്തി അര മണിക്കൂറിനകം ജബ്ബാറും മരിച്ചു. മെഡിക്കൽ കോളജിൽ ചികിൽസയിൽ ഇരിക്കെ വൈകീട്ടോടെയാണ് കൊയിലാണ്ടി സ്വദേശി വിനോദൻ മരിച്ചത്. അപകടാവസ്ഥയിലുളള കെട്ടിടങ്ങളുളള പട്ടികയിലുള്ള ഈ കെട്ടിടത്തിന് പ്രവർത്തിക്കാൻ അനുമതി നൽകിയ കോർപറേഷൻ അധികാരികളാണ് അപകടത്തിന് പ്രധാന ഉത്തരവാദികൾ എന്ന് യുഡിഎഫും എൻഡിഎയും ആരോപിച്ചു. എന്നാൽ കെട്ടിടം ഒഴിയണമെന്ന നിർദ്ദശമൊന്നും കോർപറേഷനിൽ നിന്ന് കിട്ടിയിരുന്നില്ലെന്നും ഈ മാസം ഉൾപ്പെടെ വാടക നൽകിയിരുന്നു എന്നും ഗോഡൗൺ നടത്തിപ്പുകാർ പറഞ്ഞു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് കോർപറേഷൻ നഷ്ടപരിഹാരം പ്രഖ്യാപിക്കാത്ത പക്ഷം നാളെ മുതൽ കോർപറേഷന് മുന്നിൽ അനിശ്ചിത കാല സമരം നടത്തുമെന്നാണ് ബിജെപി പ്രഖ്യാപനം.

Previous Post Next Post