കുഞ്ഞിനെ ലാളിക്കുന്നതിനിടെ സ്വർണമാല മോഷ്‌ടിച്ച്‌ വിഴുങ്ങിയ യുവതി അറസ്റ്റിൽ



മലപ്പുറം :- കുഞ്ഞിനെ ലാളിക്കുന്നതിനിടെ സ്വർണമാല മോഷ്‌ടിച്ച്‌ വിഴുങ്ങിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ മുക്കട്ട സ്വദേശിനി സമീനയാണ് അറസ്റ്റിലായത്. നിലമ്പൂർ ആശുപത്രി റോഡിലുള്ള സ്വകാര്യ ക്ലിനിക്കിൽ മാതാപിതാക്കൾക്കൊപ്പമെത്തിയ കുഞ്ഞിന്റെ സ്വർണമാലയാണ് മോഷണം പോയത്. നിലമ്പൂർ ജില്ലാ ആശുപത്രി റോഡിലുള്ള ക്ലിനിക്കിൽ കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സിനിമാ ‌സ്റ്റൈൽ കവർച്ച നടന്നത്. ഡോക്ടറെ കാണാൻ എത്തിയ പുളിക്കലോടി സ്വദേശിയുടെ കുട്ടിയുടെ 3.5 ഗ്രാമിന്റെ മാലയാണ് മോഷണം പോയത്.

വരാന്തയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മുക്കട്ട സ്വദേശിനിയായ യുവതി ഓമനിക്കുന്നത് കണ്ടവരുണ്ട്. മാല കാണാതായതോടെ നാട്ടുകാർ യുവതിയെ തടഞ്ഞുവെച്ചു. പിടിക്കപ്പെടുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് യുവതി ആഭരണം വിഴുങ്ങിയത്. തുടർന്ന് പൊലീസെത്തി ആശുപത്രിയിൽ കൊണ്ടുപോയി എക്സ്റേ എടുത്തതോടെ മാല യുവതിയുടെ വയറ്റിലുണ്ടെന്ന് സ്ഥിരീകരിച്ചു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മരുന്ന് നൽകിയെങ്കിലും ഇതുവരെ മാല പുറത്തുവന്നിട്ടില്ല.

നിലവിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പൊലീസ് കാവലിലാണ് യുവതിയുള്ളത്. തൊണ്ടി മുതൽ സമീനയുടെ വയറ്റിൽ നിന്ന് പുറത്തുവരാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ് പൊലീസുള്ളത്.ഇടയ്ക്കിടെ അക്രമാസക്തയാകുന്ന യുവതിയെ നിരീക്ഷിക്കാൻ വനിതാ പൊലീസ് സംഘം ആശുപത്രിയിലുണ്ട്. കൂടുതൽ വിദഗ്‌ധ ചികിത്സയ്ക്കായി യുവതിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ പൊലീസ് ആലോചിക്കുന്നുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് തുടർനടപടികളിലേക്ക് കടക്കും.

Previous Post Next Post