തിരുവനന്തപുരം :- കേരളത്തിന്റെ കണ്ണീരോർമ്മയായി മാറുമ്പോഴും നാല് പേർക്ക് പുതുജീവൻ നൽകി കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാം. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവെന്ന വലിയ നിയോഗവുമായാണ് ഈ പത്ത് മാസം പ്രായമുള്ള കുഞ്ഞ് യാത്രയാകുന്നത്. റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന് മസ്തിഷ്ക മരണം സംഭവിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നുവെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
വേർപാടിന്‍റെ വേദനയിലും 10 മാസമുള്ള ഒരു മകളുടെ അവയവങ്ങള്‍ മാതാപിതാക്കൾ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുകയാണ്. വൃക്കയും, കരളും, ഹൃദയ വാൽവുകളുമാണ് ദാനം ചെയ്യുന്നത്. കൊച്ചിയിൽ നിന്നും റോഡ് മാർഗം അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിക്കുമെന്നും തീവ്രദു:ഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നുവെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു. ആലിന്‍ ഷെറിന്‍റെ 2 വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്കാണ് നൽകുന്നത്.
