സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗത്തിൽ പ്രായപരിധി വരുന്നു ; നിയന്ത്രണങ്ങൾ വേണമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്


ന്യൂഡൽഹി :- വിദേശ രാജ്യങ്ങളിൽ നടപ്പിലാക്കിയ തരത്തിൽ സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗത്തിൽ പ്രായപരിധി കൊണ്ടുവരാൻ കേന്ദ്രം തയ്യാറെടുക്കുന്നു. കുട്ടികളെയും സമൂഹത്തെയും ഓൺലൈൻ ദുരുപയോഗങ്ങളിൽ നിന്ന് സംരക്ഷിക്കേണ്ടതുണ്ടെന്നും സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിൽ പ്രായപരിധി ഏർപ്പെടുത്തുന്നതിന് കമ്പനികളുമായി ചർച്ച ആരംഭിച്ചതായും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ചട്ടക്കൂട് രൂപവത്കരിച്ചപ്പോൾ പ്രായപരിധി അടിസ്ഥാനമാക്കിയുള്ള വ്യത്യാസം ഉൾപ്പെടുത്തിയിരന്നെന്നും 18 വയസ്സിൽ താഴെയുള്ളവ രെ കുട്ടികളായി നിർവചിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ആന്ധ്രപ്രദേശ്, ഗോവ സംസ്ഥാനങ്ങൾ പഠനം നടത്തുന്നുണ്ട്. ഡീപ്പ്ഫെയ്ത്ത് പ്രശ്നങ്ങൾ കടുത്ത വെല്ലുവിളിയാണെന്നും അതു തടയാൻ കടുത്ത നിയന്ത്രണങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ എ.ഐ ഉച്ചകോടിയോടനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡീപ്ഫെയ്ക്കിൽ നിന്ന് കുട്ടികളെയും സമൂഹത്തെയും സംരക്ഷിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ പാർലമെന്ററി സമിതിയും വിശദമായി പഠിച്ച് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഉള്ളടക്കത്തിന് പ്രായ നിയന്ത്രണമേർപ്പെടുത്തുന്നത് ചില രാജ്യങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ഇക്കാര്യവും സജീവചർച്ചയിലുണ്ടന്നും മന്ത്രി പറഞ്ഞു.

നെറ്റ്ഫ്ലിക്സ്, യുട്യൂബ്, മെറ്റ, എക്സ് എന്നിങ്ങനെയുള്ള ടെക് കമ്പനികൾ ഇന്ത്യയിലെ നിയമങ്ങളും ഭരണഘടനാതത്ത്വങ്ങളും പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ആഗോളകമ്പനികൾ ഇന്ത്യയിലെത്തുമ്പോൾ ഇവിടത്തെ സാംസ്കാരിക പശ്ചാത്തലം മനസ്സിലാക്കി വേണം പ്രവർത്തിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. പരമ്പരാഗത മാധ്യമ സ്ഥാപനങ്ങളുടെ ഉള്ളടക്കങ്ങൾ ഉപയോഗിക്കുന്ന ടെക് പ്ലാറ്റ്ഫോമുകൾ അതിന് ന്യായമായ പ്രതിഫലം നൽകേണ്ടതാണെന്ന് കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടു. പരമ്പരാഗത മാധ്യമങ്ങൾ വലിയശ്രമം നടത്തി സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന വരുമാനത്തിൻ്റെ ന്യായമായ വിതരണം നടക്കേണ്ടതാണ്. വാർത്താ മാധ്യമങ്ങൾക്ക് ആനുപാതികമായ പ്രതിഫലം അർഹിക്കുന്നുണ്ട്. ഉള്ളടക്കത്തിൻ്റെ ഉപയോഗത്തിൽ വാർത്താ മാധ്യമസ്ഥാപനങ്ങളുമായി വരുമാനം പങ്കിടുന്നതിന് നയം വേണ്ടതാണ്. ഇതിനായി നിയന്ത്രണ ചട്ടക്കൂട് പരിഗണനയിലുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.

Previous Post Next Post