മട്ടന്നൂർ :- മട്ടന്നൂർ വിമാനത്താവളത്തിൽ നിന്ന് നിർത്തലാക്കിയ എയർ ഇന്ത്യ എക്സ്പ്രസിൻ്റെ കുവൈത്ത്, ബഹ്റൈൻ, ദമാം, ജിദ്ദ സർവീസുകൾ പുനരാരംഭിക്കും. മാർച്ച് അവസാനത്തോടെ തുടങ്ങുന്ന വേനൽക്കാല ഷെഡ്യൂളിലാണ് ഇവ വീണ്ടും തുടങ്ങുക. കുവൈത്തിലേക്ക് ടിക്കറ്റ് ബുക്കിങ് തുടങ്ങി. ജിദ്ദയിലേക്കുള്ള ബുക്കിങ് മാർച്ച് അവസാനം തുടങ്ങും. ഏപ്രിൽ ഒന്നു മുതലാണ് കുവൈത്തിലേക്കുള്ള സർവീസ്.
കണ്ണൂരിൽ നിന്ന് വൈകുന്നേരം 5.40-ന് പുറപ്പെട്ട് രാത്രി 8.20-ന് കുവൈത്തിലെത്തും. തിരികെ പ്രാദേശിക സമയം 9.20-ന് പുറപ്പെട്ട് പുലർച്ചെ 4.50-ന് കണ്ണൂരിലെത്തുന്ന വിധത്തിലാണ് സർവീസ്. ആഴ്ചയിൽ മൂന്ന് സർവീസുകളാണുണ്ടാകുക. ജിദ്ദയിലേക്ക് ആഴ്ചയിൽ രണ്ടു ദിവസമാണ് സർവീസ് നടത്തുക. രാവിലെ 6.30 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 10-ന് ജിദ്ദയിലെത്തും. തിരികെ പ്രാദേശിക സമയം 11 മണിക്ക് പുറപ്പെട്ട് വൈകുന്നേരം 7.30 ന് കണ്ണൂരിലെത്തും. മറ്റുള്ള സെക്ടറുകളിലും ടിക്കറ്റ് ബുക്കിങ് ഉടൻ തുടങ്ങും.
