തളിപ്പറമ്പ്:-തളിപ്പറമ്പിൽ അവിസ്മരണീയ സംഗീത 'രാവൊരുക്കി ഗായിക സേബ ടോമിയും സംഗവും. പാശ്ചാത്യ സംഗീത ശൈലിയുടെ മനോഹാരിത നിറഞ്ഞ സിനിമാ ഗാനങ്ങൾ കോർത്തിണക്കിയാണ് സേബ ആസ്വാദകരുടെ മനം കവർന്നത്. തളിപ്പറമ്പ് ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവലിൻ്റെ ഭാഗമായി ഹാപ്പിനെസ് സ്ക്വയറിൽ നടന്നു വരുന്ന സാംസ്കാരിക പരിപാടിയുടെ ഭാഗമായാണ് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ സേബ ടോമി എത്തിയത്. വൻ വിജയമായ ചലച്ചിത്രം ലോകയിൽ എഴുതി ആലപിച്ച ഗാനവും തളിപ്പറമ്പിലെ സംഗീതാസ്വാദകർക്കായി സേബ ആലപിച്ചു.
ബന്ധങ്ങളിലെ കാപട്യം തുറന്നുകാട്ടി 'ആദി സ്നേഹത്തിന്റെ വിരുന്നുമേശ'
ഹാപ്പിനസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മലയാള സിനിമകളുടെ വിഭാഗത്തിൽ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യമായി ഇന്ദിരാഗോപിനാഥൻ മിനി സംവിധാനം ചെയ്ത 'ആദി സ്നേഹത്തിന്റെ വിരുന്നുമേശ' (ദി ബാൻക്വറ്റ് ഓഫ് പ്രൈമൽ ലവ്).സൗഹൃദ ബന്ധങ്ങളുടെ മറവിൽ ഒളിപ്പിച്ചുവെച്ച വിവാഹേതര രഹസ്യങ്ങളും തകർന്നു കൊണ്ടിരിക്കുന്ന ദാമ്പത്യങ്ങളും മറ്റു സ്നേഹബന്ധങ്ങളും തുടങ്ങി മനുഷ്യ ജീവിതത്തിൽ ഉടലെടുക്കുന്ന അനേകം ബന്ധങ്ങൾ ആഴത്തിലും പച്ചയായും ആവിഷ്കരിച്ച ചിത്രം പ്രേക്ഷകരെ ചിന്തിപ്പിച്ചു.
ദീപക്-ദേവിക ദമ്പതികളുടെ നാലാം വിവാഹവാർഷിക പാർട്ടിയാണ് സിനിമയുടെ പശ്ചാത്തലം. തികച്ചും സന്തോഷകരമെന്ന് തോന്നിക്കുന്ന ആ ആഘോഷത്തിനിടയിലേക്ക് കടന്നുവരുന്ന ഒരു അതിഥി അവരുടെ ജീവിതത്തിലെ മറച്ചുപിടിച്ച സത്യങ്ങൾ ഓരോന്നായി പുറത്തെടുക്കുന്നു. തുടർന്ന് അരങ്ങേറുന്ന സംഭവവികാസങ്ങൾ ആഘോഷരാവിനെ കയ്പ്പേറിയ സത്യങ്ങളുടെ തുറന്നുപറച്ചിലിന്റെ വേദിയാക്കി മാറ്റുന്നു.
സമകാലിക സമൂഹത്തിലെ കുടുംബ ബന്ധങ്ങളെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകൾക്ക് ഈ സിനിമ വഴിതുറന്നു.“മനുഷ്യബന്ധങ്ങൾ പകയിലേക്കും അക്രമത്തിലേക്കും വഴി മാറുന്ന കാലത്ത് അതിനൊരു ബദലാണ് സിനിമ മുന്നോട്ട് വെക്കുന്നതെന്ന് സംവിധായിക ഇന്ദിരാഗോപിനാഥൻ മിനി പറഞ്ഞു. പരസ്പരമുള്ള സ്നേഹവും ബഹുമാനവും നിലനിർത്തിക്കൊണ്ട് നന്മയും സന്തോഷവുമുള്ള ഒരു ജീവിതം നയിക്കുന്നതാണ് ഇന്നത്തെ സമൂഹത്തിൽ പ്രധാനം എന്നും സംവിധായക പറഞ്ഞു.”ദാമ്പത്യത്തിലെ കയ്പ്പേറിയ സത്യങ്ങൾ പച്ചയായി ആവിഷ്കരിച്ചതിനെ ഒരു വിഭാഗം പ്രേക്ഷകർ പ്രശംസിച്ചപ്പോൾ, പ്രമേയത്തിലെ തീവ്രത ചിലരിൽ വിമർശനമുണ്ടാക്കി. കേവലം ഒരു കുടുംബചിത്രം എന്നതിലുപരി സമൂഹത്തിന്റെ കപട സദാചാരബോധത്തിനെതിരെയുള്ള ഒരു വിരൽ ചൂണ്ടൽ കൂടിയാണ് ഈ സിനിമ.
ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 23 ചൊവ്വാഴ്ച സമാപിക്കും.
