ഈ ഉഷ്ണ കാലത്തും ജനങ്ങളെ പട്ടിണിക്കിട്ട് നോമ്പെന്ന കർമം നിർബന്ധമാക്കിയത് അപരിഷ്കൃതമായിപ്പോയെന്നും യുക്തി സഹമല്ലെന്നുമൊക്കെയുള്ള വിമർശങ്ങൾ എക്കാലത്തും ഉണ്ടാകാറുണ്ടല്ലോ. ശരീരത്തെ പീഡിപ്പിക്കുന്ന, മാനുഷിക സുഖങ്ങളെ ഇല്ലായ്‌മ ചെയ്യുന്ന ഒന്നായി നോമ്പിനെ വ്യാഖ്യാനിക്കുന്നവരും കുറവല്ല. എന്നാൽ ഇതിനിടയിലും വിശ്വാസി എങ്ങനെയാണ് വിശുദ്ധ റമസാനെ കാണുന്നതെന്നും കാണേണ്ടതെന്നുമുള്ള ആശയം ഇസ്ലാമിക സമൂഹത്തിന് പുറത്ത് അത്രയധികം ചർച്ചചെയ്യപ്പെടാറില്ല. സ്വയം നവീകരിക്കാനും സുകൃതങ്ങൾ കൊണ്ട് ശുദ്ധീകരിക്കാനും ചെയ്തുപോയ പാപങ്ങൾക്ക് കണ്ണീരൊഴുക്കി പ്രാർഥിക്കാനും കണ്ണും കാതും കർമങ്ങളും ഏകാഗ്രതയോടെ സലക്ഷ്യം ക്രമീകരിക്കാനുമായി പടച്ച റബ്ബിനോട് പ്രാർഥിച്ചു നേടുന്ന വിശുദ്ധ കാലമാണ് റമസാൻ എന്ന യാഥാർഥ്യം പുറമെ പലരും അറിയുന്നില്ല എന്നതുമുണ്ട്. നോമ്പിനെ ആസ്വദിക്കാൻ, നിറവോടെ അനുഭവിക്കാൻ വിശ്വാസികൾക്കേ കഴിയൂ എന്ന് പറയുന്നതും ശരിയാണ്. പ്രാർഥിച്ചു നേടുന്ന റമസാൻ എന്ന് പറഞ്ഞല്ലോ. ഇനിയും കുറെ റമസാനിലും പുണ്യ രാവുകളിലും തങ്ങളെ സാക്ഷിയാക്കേണമേ എന്ന പ്രാർഥന ഓരോ റമസാനിലും വിശ്വാസികൾ നടത്തുന്നുണ്ട്. അടുത്ത റമസാനിൽ ജീവിക്കാൻ ആയുസ്സ് നൽകേണമേ എന്നെങ്കിലും പ്രാർഥിക്കാതിരിക്കില്ല. റജബ് ആഗതമായാൽ തിരു ഹദീസിൽ തന്നെ വന്ന "റമസാനിലേക്ക് എത്തിക്കേണമേ' എന്ന ദുആ ഓരോ നിസ്കാരങ്ങൾക്ക് ശേഷമുള്ള ഇരവുകളിലും നിറയുന്നു. മാനസികമായി ഒരുങ്ങുന്നു. കർമങ്ങളും പ്ലാനുകളും അവ്വിധം ക്രമീകരിക്കുന്നു. ജോലി, മുഹൂർത്തങ്ങൾ, യാത്രകൾ. അങ്ങനെ പലതും ക്രമീകരിക്കുന്നു.
ഇത്രയൊക്കെ പ്രാർഥിക്കാനും ഒരുങ്ങാനും എന്ത് സമ്മാനമാണ് ഈ കാലം വിശ്വാസികൾക്ക് നൽകുന്നത്. കേവലം ഒരൊഴുക്കിൻ്റെ ഭാഗമാകാതെ റമസാൻ നൽകുന്ന അത്യാനന്ദങ്ങളെ കുറിച്ച് ആലോചിച്ച് നോക്കിയിട്ടുണ്ടോ? അതന്വേഷിക്കുമ്പോൾ ഒരു ഹദീസിലേക്കാണ് നമ്മളെത്തുക.ആയിരം മാസം തുടർച്ചയായി അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുകയും ഉയർന്ന പ്രതിഫലം കരസ്ഥമാക്കുകയും ചെയ്ത ബനൂ ഇസ്റാഈലുകാരനായ ഒരാളുടെ ചരിത്രം പങ്കുവെക്കുന്ന സമയത്ത് അനുചരർ തിരുനബിയോട് ചോദിച്ചു: നബിയേ, അത്രയും ദൈർഘ്യമായ യുദ്ധം ചെയ്യാൻ സാധ്യമല്ലെന്നിരിക്കെ ഞങ്ങൾക്കെങ്ങനെയാണ് ഉയർന്ന പ്രതിഫലം നേടാനാകുക? "ആയിരം മാസങ്ങളേക്കാൾ പ്രതിഫലം ലഭിക്കുന്ന ലൈലത്തുൽ ഖദ്ർ എന്ന സവിശേഷ ദിവസം നിങ്ങൾക്ക് ലഭ്യമാക്കിയിരുന്നു' എന്നർഥം വരുന്ന ഖുർആൻ വചനം ഓതിയാണ് തിരുനബി(സ) ആ ആശങ്കക്ക് മറുപടി പറയുന്നത്. ലൈലത്തുൽ ഖദ്ർ അടങ്ങിയ മാസമെന്നതും റമസാനെ ഏറെ പവിത്രമാക്കുന്നുണ്ട്.
നോമ്പുകാലത്ത് ചെയ്യുന്ന നന്മകൾക്കെല്ലാം എത്രയോ ഇരട്ടി പ്രതിഫലമുണ്ടെന്നതും വിശ്വാസിയെ ഏറെ സന്തോഷിപ്പിക്കേണ്ടതാണ്.ആത്യന്തിക വിജയം മുന്നിൽ കണ്ട് ജീവിക്കുന്ന വിശ്വാസിക്ക് വ്രതം നൽകുന്ന ആനന്ദങ്ങൾ പലതുണ്ട്. ഭയഭക്തിയും സൂക്ഷ്മതയുമുള്ള ഉത്തമ വ്യക്തിത്വമാകാൻ നോമ്പ് ഓരോരുത്തരെയും പരിശീലിപ്പിക്കുന്നു എന്നതാണ് അതിൽ പ്രധാനം. “മുൻകാല ജനതയെ പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കി, നിങ്ങൾ ഭയഭക്തിയുള്ളവരാകാൻ വേണ്ടി' എന്ന ഖുർആൻ അധ്യാപനത്തിൻ്റെ പൊരുളതാണ്. മനുഷ്യന് അനുവദനീയമാക്കിയ ഭക്ഷണവും മറ്റും അല്ലാഹുവിന്റെ തൃപ്‌തിക്ക് വേണ്ടിയും ശിക്ഷ ഭയപ്പെട്ടും ഒഴിവാക്കി ഒരുമാസക്കാലം പരിശീലിക്കുന്നതോടെ സ്രഷ്ടാവ് നിഷിദ്ധമാക്കിയ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ മറ്റു കാലങ്ങളിൽ വിശ്വാസിക്ക് ഉൾപ്രേരണയുണ്ടാകും.
"മോശം സംസാരങ്ങളും പ്രവർത്തനങ്ങളും വിഡ്ഢിത്തവും ഒഴിവാക്കാത്തവൻ്റെ അന്നപാനീയ വർജനം അല്ലാഹു ആവശ്യപ്പെടുന്നില്ല' എന്ന തിരുവചനവുമുണ്ടല്ലോ.ഇത്ര സുന്ദരമായ ഭൂമിയിൽ, സുഖ സമൃദ്ധമായ അന്തരീക്ഷത്തിൽ തനിക്ക് ജീവിക്കാൻ അവസരം ലഭിച്ച അനുഗ്രഹങ്ങൾക്കുള്ള നന്ദി പ്രകടനമാണ് വ്രതം. അന്നപാനീയങ്ങളിൽ നിന്നും മറ്റു ശാരീരിക സുഖങ്ങളിൽ നിന്നും അല്ലാഹു നമ്മെ തടഞ്ഞു നിർത്തിയപ്പോൾ, ആ അനുഗ്രഹങ്ങൾ നിശ്ചിത കാലത്തേക്ക് ഒഴിവാക്കുമ്പോൾ അവയെല്ലാം എത്രത്തോളം അനുഭൂതിയും സംതൃപ്‌തിയും നൽകുന്നതായിരുന്നുവെന്ന് നോമ്പുകാരന് ബോധ്യപ്പെടുന്നു. അവയെല്ലാം അനുഭവിപ്പിച്ച അല്ലാഹുവിന് നന്ദിപറയാൻ വ്രതനേരങ്ങൾ വിശ്വാസി ഉപയോഗപ്പെടുത്തുന്നു. ഇല്ലാത്തവരെ കുറിച്ചുള്ള ആലോചനകൾ നടക്കുന്നു. അവരിലേക്ക് കരുണ നീങ്ങുന്നു. ചേർത്തുപിടിക്കുന്നു.ഒഴുക്കിനനുസരിച്ചുള്ള ജീവിതം നയിക്കുന്നത് ഹൃദയത്തെ കാഠിന്യമുള്ളതാക്കുകയും സത്യമറിയുന്നതിൽ നിന്ന് നമ്മെ തടയുകയും ചെയ്യും. അല്ലാഹുവിനെ കുറിച്ച് ചിന്തിക്കുന്നതിൽ നിന്നും ഓർക്കുന്നതിൽ നിന്നും അടിമയെ അത് തടയും. ഭക്ഷണമടക്കമുള്ള വികാരങ്ങൾ ഒഴിവാക്കുമ്പോൾ ഹൃദയം പ്രകാശിക്കും, ഇലാഹീ സ്മരണയും ചിന്തയുമുണ്ടാകും.
“നോമ്പുകാരനായിരിക്കെ ഒരാൾ തന്നെ ചീത്ത വിളിച്ചാൽ, ഞാൻ നോമ്പുകാരനാണെന്ന് പറഞ്ഞ് അതിൽ നിന്ന് വിട്ടുനിൽക്കട്ടെ' എന്നർഥം വരുന്ന തിരുവചനം നൽകുന്ന സന്ദേശവുമിതാണ്. ആരോടും ദേഷ്യപ്പെടാതെ, പ്രകോപിതരാകാതെ, ക്ഷമയോടെയും ലാളിത്യത്തോടെയും ജീവിക്കാൻ സാധിക്കുന്നതും നോമ്പ് നൽകുന്ന അച്ചടക്കത്തിലാണ്. ഞാൻ നോമ്പുകാരനാണ് എന്ന ബോധം അവനെ സാമൂഹിക തിന്മയിൽ നിന്നും പരിഹാസങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. മനുഷ്യസഹജമായ എല്ലാവിധ അഹങ്കാരങ്ങളെയും റദ്ദ് ചെയ്യാൻ നോമ്പിന് സാധിക്കും. എല്ലാവരും ഒരേ സമയം പട്ടിണി കിടക്കുന്നു. സമ്പത്തുള്ളവനോ അധികാരമുള്ളവനോ ആർക്കും ആ സമയത്തിൽ ഒരിളവും നൽകുന്നില്ല. നോമ്പ് പാഴായിപ്പോകുന്ന കാര്യങ്ങളും എല്ലാവർക്കും ഒരുപോലെ. ഒരേ നിബന്ധന. എത്ര മുന്തിയ വിഭവങ്ങൾ മുന്നിലുള്ളവർക്കും ഒന്നും കൈയിൽ ഇല്ലാത്തവർക്കുമെല്ലാം നോമ്പ് തുറക്കാൻ ശ്രേഷ്ഠതയുള്ള വിഭവം കാരക്കയോ അതുമല്ലെങ്കിൽ ശുദ്ധജലമോ ആണല്ലോ. ഏത് സാധാരണക്കാർക്കും വിപണിയിൽ നിന്നും പരിസരങ്ങളിൽ നിന്നും ലഭ്യമാകുന്നവ".
ഒരുമിച്ചിരുന്ന് നോമ്പ് തുറക്കുമ്പോഴും പാതിരാവിൽ സംഘടിത നിസ്‌കാരങ്ങളിൽ ഒരേ മനസ്സോടെ പങ്കെടുക്കുമ്പോഴും ഉള്ളിലെ അഹങ്കാരങ്ങൾക്ക് എവിടെ സ്ഥാനം ലഭിക്കാനാണ്.നാളിതുവരെ ലഭ്യമായ അനുഗ്രഹങ്ങൾ അൽപ്പകാലത്തേക്ക് കിട്ടാതിരിക്കുമ്പോഴാണല്ലോ നമുക്കതിൻ്റെ വില മനസ്സിലാകുക. "നിങ്ങൾ നന്ദിയുള്ളവരാകാൻ വേണ്ടി എന്ന സന്ദേശവും ഇതാണ് ഓർമപ്പെടുത്തുന്നത്. സാമ്പത്തിക ശേഷിയുള്ളവർക്ക് തങ്ങൾക്ക് അല്ലാഹു നൽകിയ ധനത്തെയും മുന്തിയ വിഭവങ്ങളെയും കുറിച്ച് ബോധ്യപ്പെടാനും അത് തിരിച്ചറിഞ്ഞ് അല്ലാഹു തൃപ്‌തിപ്പെട്ട മാർഗത്തിലേക്ക് തങ്ങളുടെ ധനത്തിൽ നിന്ന് പങ്കുനൽകാനും വ്രതകാലം പ്രേരിപ്പിക്കും. മനുഷ്യ മനസ്സിൻ്റെയും ശരീരത്തിന്റെയും അശ്രദ്ധകളെയും ആലസ്യങ്ങളെയും ക്രമരാഹിത്യത്തെയും തിരിച്ചുപിടിക്കാനുള്ള ഒരവസരം കൂടിയാണ് റമസാൻ. വയറു നിറഞ്ഞ് ഭക്ഷണം കഴിച്ചാൽ, ലൈംഗിക താത്പര്യങ്ങളിൽ സദാ വിഹരിച്ചാൽ അത് ജീവിതത്തിന്റെ ക്രമം തെറ്റിക്കുകയും നമ്മെ അലസതയുള്ളവരാക്കുകയും ചെയ്യും. സാമൂഹികമായ തിന്മകളും അതിന്റെ പരിണതിയായി സംഭവിച്ചേക്കാം. എന്നാൽ കൃത്യമായി വിശന്നാൽ മോശം ചിന്തകൾ കുറയും. അത് ആത്മീയ ചിന്തകൾ സൃഷ്ടിക്കും".
