പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിന്റെ അറ്റകുറ്റപ്പണിയുടെ രണ്ടാംഘട്ട പ്രവൃത്തിക്ക് തുടക്കമായി


പാപ്പിനിശ്ശേരി :- പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിലെ തകർച്ച പരിഹരിക്കാനുള്ള അറ്റകുറ്റപ്പണിയുടെ രണ്ടാംഘട്ട പ്രവൃത്തിക്ക് തുടക്കമായി. വലിയ തോതിൽ തകർച്ച നേരിട്ട ഭാഗങ്ങളിൽ മൈക്രോ കോൺക്രീറ്റ് ചെയ്യുന്ന ജോലി നടക്കുന്നു. മേൽഭാഗം സ്ലാബുകളിൽ തകർച്ച നേരിട്ട ഇരുമ്പുകമ്പികൾ പൂർണമായും നീക്കം ചെയ്തു‌ പുതിയവ സ്ഥാപിച്ചാണു മൈക്രോ കോൺക്രീറ്റ് ചെയ്യുന്നത്. ആദ്യഘട്ടമായി പാലത്തിലെ മേൽപാളി ടാറിങ് പൂർണമായും ഇളക്കി നീക്കം ചെയ്തിരുന്നു. 

എക്സ്‌പാൻഷൻ ജോയിന്റുകളിൽ ഉണ്ടായ തകർച്ചയും പരിഹരിക്കും. പാലത്തിന്റെ ഇരുഭാഗത്തും അറ്റകുറ്റപ്പണി നടക്കുന്നുണ്ടെങ്കിലും വളപട്ടണം ഭാഗത്തുള്ള സ്‌ലാബുകളിലാണ് തകർച്ച കൂടുതലുള്ളത്. മൈക്രോ കോൺക്രീറ്റ് പണി പൂർത്തിയായിക്കഴിഞ്ഞു മേൽപാളി ടാറിങ് കൂടി നടക്കാനുണ്ട്. ഒരു മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കണമെന്നു നിർദേശിച്ചതിനെത്തുടർന്നാണ് ഈ മാസം 5ന് പാലം പൂർണമായും അടച്ചിട്ടത്. ഇനിയുള്ള ഒരാഴ്‌ച കൊണ്ടു പണി പൂർത്തിയാക്കി പാലം തുറക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ,

മാർച്ച് ആദ്യവാരത്തോടെ തു റന്നുകൊടുക്കാനുള്ള നിലയിലാണ് പണി നടക്കുന്നത്. ഏറെ മാസങ്ങളായി പഴയങ്ങാടി താവം, പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിൽ കുഴികളും തകർച്ച യും കാരണം അപകടങ്ങൾ പതിവായിരുന്നു. കെഎസ്ടിപി അധികൃതർ എത്തി പരിശോധന നടത്തി തകർച്ചയ്ക്ക് ശാശ്വതമായ പരിഹാരം നിർദേശിച്ചിരുന്നു. വിദഗ്‌ധസമിതിയുടെ പഠനം കൂടി പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. കെഎസ്‌ടിപി പാപ്പിനിശ്ശേരി-പിലാത്തറ റോഡിൽ യാത്രാദുരിതം രുക്ഷമാണെന്നു പരാതിയുണ്ടെങ്കിലും നിലവിൽ പ്രവൃത്തിയിൽ നാട്ടുകാരുടെ പൂർണ സഹകരണമുണ്ട്.

Previous Post Next Post