ശബരിമല താൽക്കാലിക ജീവനക്കാരുടെ പണമിടപാടുകളിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി


കൊച്ചി :- ശബരിമല താൽക്കാലിക ജീവനക്കാരുടെ പണമിടപാടുകളിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. മണ്ഡല-മകരവിളക്ക് കാലയളവിൽ ശബരിമലയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ ഇടപാടുകൾ സംശയകരമെന്ന സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. ചുരുങ്ങിയ സമയത്തിനുള്ളിൽ 14 ലക്ഷത്തിലധികം രൂപ പോസ്റ്റ് ഓഫീസ് വഴി മാത്രം പണം കൈമാറ്റം നടന്നിരുന്നു എന്നാണ് റിപ്പോർട്ടിലുള്ളത്. രണ്ട് ജീവനക്കാർ ഒരു ലക്ഷത്തിലധികം രൂപയും മറ്റ് മൂന്ന് പേർ 25,000 രൂപയിലധികവും അയച്ചു. ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഹാജരായില്ല. വിഷയത്തിൽ സ്ഥിരം-താൽക്കാലിക ജീവനക്കാർ സംശയനിഴലിലാണ്.

പ്രതിദിനം 650 രൂപയ്ക്ക് മണ്ഡല മകരവിളിക്ക് സീസണിലേക്കാണ് താൽക്കാലിയ ജീവനക്കാരെ ബോർഡ് തെരഞ്ഞെടുക്കുന്നത്. സീസൺ കഴിയുമ്പോഴാണ് ശമ്പളം അക്കൗണ്ടിലേക്ക് മൊത്തമായി നൽകുന്നത്. എന്നാൽ തീർത്ഥാടന കാലത്ത് ചില താൽക്കാലിയ ജീവനക്കാർ പോസ്റ്റ് ഓഫീസ് വഴി മണിയോഡറായും, രണ്ട് ബാക്കുകൾ വഴിയും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പണം ഇടയ്ക്കടക്ക് കൈമാറുന്നത് ദേവസ്വം വിജിലൻസ് ശ്രദ്ധിച്ചു. ഇതേക്കുറിച്ചുള്ള അന്വേഷണത്തിനായി അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് ഒരു ലക്ഷം വരെ ചില താൽക്കാലിക്കാർ കൈമാറിയത് കണ്ടെത്തിയത്. ഇത് ശബരിമലയിൽ നിന്നും അനധികൃതമായി സമ്പാദിച്ചെടുത്ത പണമെന്നാണ് വിജിലൻസ് പറയുന്നത്.

2025, 26 കാലത്തെ ക്രമക്കേടാണ് അന്വേഷിക്കുക. സന്നിധാനത്തെ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നടന്ന എല്ലാ ഇടപാടുകളും പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. മണ്ഡലകാലത്ത് സന്നിധാനത്ത് ജോലി ചെയ്‌തിരുന്ന മുഴുവൻ ജീവനക്കാരുടെയും വിവരങ്ങൾ ശേഖരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. മൂന്നാഴ്‌ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. സ്പെഷ്യൽ കമ്മീഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. താൽക്കാലിക ജീവനക്കാരുടെ പണം തട്ടിപ്പിന്റെ വാർത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. ദേവസ്വം വിജിലൻസ് എസ്‌പിയാണ് ക്രമക്കേട് ആദ്യം ക്രമക്കേട് കണ്ടെത്തിയത്. പോസ്റ്റ് ഓഫീസിൽ നിന്നാണ് ക്രമക്കേട് വിവരം വിജിലൻസിലേക്കെത്തുന്നത്.

Previous Post Next Post