'ജിംഖാന സൂപ്പർ കപ്പ് - 26' ; യുണൈറ്റഡ് B5 ചേലേരിമുക്ക് ചാമ്പ്യന്മാരായി


ഷാർജ :- പ്രവാസലോകത്തെ ഫുട്ബോൾ പ്രേമികൾക്ക് ആവേശത്തിന്റെ പുതിയൊരു അധ്യായം സമ്മാനിച്ചുകൊണ്ട് ജിംഖാന UAE (Gymkhana ASC UAE) സംഘടിപ്പിച്ച 'ജിംഖാന സൂപ്പർ കപ്പ് '26' ഷാർജയിലെ Sports City, Al Azra ഗ്രൗണ്ടിൽ സമാപിച്ചു. സ്വന്തം നാടിന്റെ കായിക പാരമ്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തിയ ഈ ടൂർണമെന്റിലെ ആവേശകരമായ ഫൈനൽ പോരാട്ടത്തിനൊടുവിൽ യുണൈറ്റഡ് B5 ചേലേരിമുക്ക് (UNITED B5 CHELARIMUKK) ചാമ്പ്യന്മാരായി. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രീൻ ആർമി മയ്യിൽ (GREEN ARMY MAYYIL) റണ്ണേഴ്സ് അപ്പ് കരസ്ഥമാക്കി.

യുഎഇ അണ്ടർ 17 നാഷണൽ ടീം ഗോൾകീപ്പർ സഹറ സക്കറിയ (Zahara Zakariya) ടൂർണമെന്റ് ട്രോഫി അനാവരണം ചെയ്തു. ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത സഹറയ്ക്ക് ജിംഖാന യുഎഇ കമ്മിറ്റി ഹൃദ്യമായ സ്വീകരണം നൽകി. മൈതാനത്ത് മാന്ത്രിക പ്രകടനം കാഴ്ചവെച്ച് വ്യക്തിഗത പുരസ്കാരങ്ങൾ സ്വന്തമാക്കിയവരിൽ ഗ്രീൻ ആർമി മയ്യിലിന്റെ നിഹാൽ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, CBT തൈലവളാപിന്റെ റിജാസ് (RIJAZ) ടോപ്പ് സ്കോറർ പുരസ്കാരവും, യുണൈറ്റഡ് B5 ചെലേരിമുക്കിന്റെ ഇസ്മായിൽ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരവും കരസ്ഥമാക്കി. കൂടാതെ, ടൂർണമെന്റിലെ മികച്ച അച്ചടക്കമുള്ള ടീമിനുള്ള ഫെയർ പ്ലേ അവാർഡ് ജിഎഫ്സി കാമ്പിൽ സ്വന്തമാക്കി.

പള്ളിപ്പറമ്പ് എന്ന ഗ്രാമത്തിൽ നിന്ന് ഫുട്ബോളിനോടുള്ള അടങ്ങാത്ത ആവേശത്തിൽ തുടങ്ങിയ ജിംഖാന, ഇന്ന് പ്രവാസലോകത്തും നാട്ടിലും ഒരുപോലെ ശ്രദ്ധിക്കപ്പെടുന്ന കരുത്തുറ്റ കായിക കൂട്ടായ്മയായി മാറിയിരിക്കുകയാണ്. പള്ളിപ്പറമ്പയുടെ കായിക വീര്യം പ്രവാസ മണ്ണിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജിംഖാന യുഎഇ സംഘടിപ്പിച്ച ആദ്യ വൻകിട ടൂർണമെന്റ്, സംഘാടനമികവ് കൊണ്ടും ആവേശകരമായ പോരാട്ടങ്ങൾ കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. എട്ട് പ്രമുഖ ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ വിജയികൾക്കായി ആകർഷകമായ സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു. ടൂർണമെന്റ് വൻ വിജയമാക്കിത്തീർത്ത കായിക പ്രേമികൾക്കും, വോളന്റിയർമാർക്കും, സ്‌പോൺസർമാർക്കും ജിംഖാന യുഎഇ കമ്മിറ്റി ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

Previous Post Next Post