ചികിത്സാപിഴവ് മൂലം വലതു കൈ മുറിച്ചുമാറ്റിയ വിനോദിനി വീണ്ടും സ്കൂളിലേക്ക് ; ഹൃദയം നിറച്ച് വരവേറ്റ് സഹപാഠികൾ


പാലക്കാ‌ട് :- പാലക്കാട് ചികിത്സാ പിഴവ് മൂലം വലതു കൈ മുറിച്ചുമാറ്റേണ്ടി വന്ന ഒമ്പത് വയസുകാരി വിനോദിനി 6 മാസങ്ങൾക്ക് ശേഷം സ്കൂളിലെത്തി. മിഠായിയും ബലൂണുകളുമായാണ് സഹപാഠികൾ വിനോദിനിയെ സ്വീകരിച്ചത്. സെപ്തംബർ 24ന് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ വലതു കൈയിലെ എല്ലൊടിഞ്ഞ ശേഷം വിനോദിനി സ്കൂളിലെത്തുന്നത് ഇതാദ്യമാണ്. പാലക്കാട് ജില്ല ആശുപതിയിലെ ഡോക്ടർമാർക്ക് പറ്റിയ കൈപ്പിഴ മൂലം വലതു കൈ മുറിച്ചു മാറ്റിയപ്പോൾ തീർത്തും വീട്ടിനുള്ളിൽ ഒതുങ്ങി കൂടുകയായിരുന്നു വിനോദിനി. രാവിലെ 9.30ഓടെയാണ് അമ്മയ്ക്കും നാട്ടുകാർക്കുമൊപ്പം വിനോദിനി ഒഴിവു പാറ എൽപി സ്കൂളിലെത്തിയത്. ക്ലാസിലെ ബെഞ്ചിൽ സ്ഥലം ഒഴിച്ചിട്ട് സുഹൃത്തുക്കൾ വിനോദിനിയാക്കായി കാത്തിരിപ്പുണ്ടായിരുന്നു. നഷ്ടപ്പെട്ട പാഠഭാഗങ്ങൾ ഓൺലൈൻ വഴിയാണ് അധ്യാപകർ പഠിപ്പിച്ചത്.

സഹോദരനൊപ്പം കളിക്കുന്നതിനിടെ നിലത്ത് വീണതായിരുന്നു ഒമ്പതു വയസുകാരി വിനോദിനി. സെപ്റ്റംബര്‍ 24നായിരുന്നു അപകടം. അന്ന് തന്നെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ കാണിച്ചെങ്കിലും വലതു കൈയൊടിഞ്ഞതിനാല്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു നിര്‍ദേശം. കൈയ്ക്ക് മുറിവുമുണ്ടായിരുന്നു. ജില്ലാ ആശുപത്രിയില്‍ നിന്നും കൈയ്ക്ക് പ്ലാസ്റ്ററിട്ടു. കൈവിരലുകളില്‍ കുമിള പൊന്തിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോഴേക്കും കൈ അഴുകിയ നിലയിലായിരുന്നു. പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കൈ മുറിച്ചു മാറ്റേണ്ടി വന്നു.

Previous Post Next Post