തിരുവനന്തപുരം :- തെരഞ്ഞെടുപ്പ് ചൂടിൽ കേരളം. സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം സജീവമാക്കി മുന്നണികൾ. കേരളത്തിൽ ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പും മെയ് നാലിന് വോട്ടെണ്ണലും നടക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ ഇന്ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎമ്മും സിപിഐയും പ്രചാരണം തുടങ്ങി. കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്ത് വിട്ടേക്കും. വൈകിട്ട് നാല് മണിക്ക് തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്ന് പട്ടികക്ക് അംഗീകാരം നല്‍കും. കേരളത്തില്‍ നിന്ന് ദില്ലിയിലെത്തുന്ന നേതാക്കള്‍ രാവിലെ ചര്‍ച്ച നടത്തി കൂടുതല്‍ മണ്ഡലങ്ങളില്‍ ഒറ്റപേരിലെത്തും.
നാൽപതിനും അൻപതിനുമിടയിൽ സ്ഥാനാർത്ഥികളെയായിരിക്കും കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിക്കുക. ഇതുവരെ 36 സീറ്റുകളിലാണ് ഒറ്റപ്പേരിലേക്ക് എത്തിയത്. ബുധനാഴ്ചയോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കാനാണ് ശ്രമം. സീറ്റ് ചർച്ച വേഗത്തിൽ പൂർത്തിയാക്കാൻ ഘടകകക്ഷികളുടെ സമ്മർദ്ദം ശക്തമാണ്. ഇക്കാര്യത്തിൽ ജോസഫ് ഗ്രൂപ്പും, ലീഗും കടുത്ത അതൃപ്‌തിയിലാണ്.
അതൃപ്തിയിലുള്ള കെ സുധാകരനുമായി ഹൈക്കമാന്‍ഡ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും യുഡിഎഫിൽ സീറ്റ് വിഭജന ചർച്ച തുടരുകയാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗമായുള്ള സീറ്റ് വിഭജന ചർച്ച പൂർത്തിയായെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്നലെ രാത്രി പ്രതികരിച്ചത്. സീറ്റുവിഭജനത്തിൽ തർക്കമില്ലെന്നും തീരുമാനം നാളെയുണ്ടാകുമെന്നും വി.ഡി.സതീശൻ പറഞ്ഞു. അതേസമയം സതീശനെ തള്ളി കേരള കോൺഗ്രസ് രംഗത്തെത്തി. സീറ്റ് ചർച്ചയിൽ ധാരണയായിട്ടില്ലെന്നും രണ്ടു ദിവസത്തിനകം തീരുമാനമാകുമെന്നായിരുന്നു പി.ജെ.ജോസഫിന്‍റെ പ്രതികരണം.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായുള്ള മുസ്ലിം ലീഗിന്‍റെ നേതൃയോഗം ഇന്ന് നടക്കും. മലപ്പുറത്ത് രാവിലെ പതിനൊന്നിനാണ് യോഗം ചേരുക. യുഡിഎഫിലെ സീറ്റ് വെച്ചു മാറുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയിലെ തീരുമാനം പി.കെ.കുഞ്ഞാലിക്കുട്ടി നേതാക്കളെ അറയിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അന്തിമ തീരുമാനവും ഇന്നുണ്ടാകും. സംസ്ഥാന പ്രസിഡന്‍റ് സാദിഖ് തങ്ങൾ ചൊവ്വാഴ്ച സ്ഥനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ഇതിനിടെ, തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ തന്നെ പലയിടത്തും എൽഡിഎഫ് പ്രചാരണം തുടങ്ങി. മുഖ്യമന്ത്രിയും ഒമ്പത് മന്ത്രിമാരും ഭൂരിഭാഗം സിറ്റിംഗ് എംഎൽഎമാരും അടക്കം പ്രമുഖരുടെ വലിയ നിര തന്നെ മത്സരരംഗത്തുണ്ട്. പാലക്കാട് അടക്കം അഞ്ച് മണ്ഡലങ്ങൾ സിപിഎം പൊതു സ്വതന്ത്രർക്ക് വേണ്ടി ഒഴിച്ചിട്ടിരിക്കുകയാണ്.
