കണ്ണൂർ :- ഗൾഫ് സംഘർഷം മൂലം വിമാന സർവീസുകൾ റദ്ദാക്കിയതിനെത്തുടർന്ന് കേരളത്തിലെ വിമാനത്താവളങ്ങൾക്ക് സംഭവിച്ചത് വൻ നഷ്ടം. പ്രതിസന്ധി ഒരു മാസം നീണ്ടാൽ സിയാലിനു മാത്രം വരുമാനത്തിൽ 10 കോടിയുടെ കുറവുണ്ടാകും. കൊച്ചിയിൽ രാജ്യാന്തര സർവീസുകൾ 41 ശതമാനമായി കുറഞ്ഞു. ഒരു വൈഡ്ബോഡി വിമാനം ലാൻഡ് ചെയ്യുമ്പോൾ സിയാലിന് ലഭിക്കുന്നത് ഏകദേശം 1.25 ലക്ഷം രൂപയാണ്. ഇതു കൂടാതെ ബാഗേജ്, സ്കാനിങ്, എയ്റോ ബ്രിജ്, ഗ്രൗണ്ട് ഹാൻഡ്ലിങ് ഏജൻസികൾ നൽകുന്ന റോയൽറ്റി തുടങ്ങിയ വരുമാനവുമുണ്ട്. കൊച്ചിയിൽ ശരാശരി ഒരു കോടി രൂപയായിരുന്നു പ്രതിദിനം ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് ലഭിച്ചിരുന്നത്. ഇത് 36 ലക്ഷമായി.
പ്രതിമാസം ശരാശരി 96 ലക്ഷം രൂപയായിരുന്ന പാർക്കിങ് ഫീസിലും കുറവു വരും. യൂസർ ഡവലപ്‌മെന്റ് ഫീ ഇനത്തിലും വലിയ വരുമാന നഷ്ടമുണ്ട്. കൊച്ചിയിൽ നിന്ന് സർവീസുകളുടെ എണ്ണം കൂടിയിട്ടുണ്ട്. ഇന്നലെ ഗൾഫിൽ നിന്നു മാത്രം 18 വിമാനങ്ങളെത്തി, 20 എണ്ണം ഗൾഫിലേക്കും പറന്നു. ഫെബ്രുവരി 28 നു ശേഷം ഏറ്റവും കൂടുതൽ വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്തത് ഇന്നലെയാണ്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള 40% സർവീസുകളെ സംഘർഷം ബാധിച്ചു. ഇപ്പോൾ പ്രതിദിന വിമാനങ്ങളുടെ എണ്ണം 50ൽ നിന്ന് 65 ആയി ഉയർന്നു.
കോഴിക്കോട് വിമാനത്താവളത്തിൽ 50 രാജ്യാന്തര സർ വീസുകളാണുള്ളത്. ഗൾഫ് സംഘർഷത്തിനുശേഷം രാജ്യാന്തര സർവീസ് 65% മുടങ്ങി. പ്രതിദിനം 10000 യാത്രക്കാരുണ്ടായിരുന്നു. ഇതിൽ 60% കുറവുണ്ട്. ഡ്യൂട്ടി ഫ്രീ ഷോപ്പിലും 8% വരുമാന നഷ്ടമുണ്ട്. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ പ്രതിദിനം ശരാശരി 15 രാജ്യാന്തര സർവീസുകളാണുള്ളത്. ഇതിൽ 10% സർവീസുകൾ മാത്രമാണ് നടക്കുന്നത്. പ്രതിദിന നഷ്ടം ശരാശരി 50 ലക്ഷം രൂപയാണ്.
