മലപ്പുറം : -മീനമാസം തുടങ്ങുന്ന 15 മുതൽ സംസ്ഥാനത്ത് കല്യാണ സീസൺ ആരംഭിക്കുമ്പോൾ പാചകവാതക വാണിജ്യ സിലിണ്ടർ ക്ഷാമത്തിന്റെ ഇരുട്ടടിയേറ്റ് കേറ്ററിങ് സ്ഥാപനങ്ങൾ. സിലിണ്ടറുകൾ ലഭിക്കാതായതോടെ മലബാറിലെ ഹോട്ടലുകൾ ഇഫ്താർ പാർട്ടികൾ കൂട്ടത്തോടെ റദ്ദാക്കി. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുള്ള പാചകവാതക സിലിണ്ടർ നിയന്ത്രണം കേരളത്തിന്റെ സാമൂഹിക ജീവിതത്തെയും ബാധിച്ചുതുടങ്ങുന്നു.
ഭക്ഷ്യവിതരണ സ്ഥാപനങ്ങളുടെ ബജറ്റ് തന്നെ താളംതെറ്റിക്കുന്ന വിധത്തിലാണു വാണിജ്യ സിലിണ്ടർ വിതരണം നിർത്തിവച്ചതെന്നു കേരള കേറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് ഇ.നായർ പറഞ്ഞു. മാസങ്ങൾക്കു മുൻപേ ലഭിച്ച ഓർഡറുകൾക്കു പലരും അന്നത്തെ നിരക്കായിരിക്കും നൽകിയിട്ടുണ്ടാകുക. എന്നാൽ, പാചകവാതക സിലിണ്ടറിനു വിലയേറിയതോടെ വിറകിനെ ആശ്രയിക്കേണ്ടി വരും. ആവശ്യം കൂടുന്നതിനനുസരിച്ചു വിറകിനും വില കൂടിയേക്കും. ചിക്കൻ വില റോക്കറ്റ് പോലെ കുതിക്കുകയാണ്. ഇതെല്ലാം ചേരുമ്പോൾ നഷ്ടക്കച്ചവടമാകുമോയെന്ന പേടിയുണ്ട്.
മീനം 1 ആയ ഞായറാഴ്ച തന്നെ ഒട്ടേറെ കല്യാണങ്ങളുടെ ഓർഡറുകൾ സ്ഥാപനങ്ങൾക്കു ലഭിച്ചിട്ടുണ്ട്. റമസാൻ, വലിയ നോമ്പ് എന്നിവ കഴിയുന്നതോടെ കല്യാണങ്ങൾ കൂടും. എന്നാൽ, പാചകവാതക ക്ഷാമം ഇതിനെല്ലാം തിരിച്ചടിയാകുമോയെന്ന പേടിയുണ്ടെന്നും ഇതുവരെ എടുത്ത ഓർഡറുകളെല്ലാം ചെയ്തു കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു.
വാണിജ്യ സിലിണ്ടർ ലഭിക്കാതായതോടെ ഹോട്ടലുകൾ ഇഫ്താർ അടക്കമുള്ള പാർട്ടി ഓർഡറുകൾ റദ്ദാക്കിത്തുടങ്ങിയതായി കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.അബ്ദുറഹിമാൻ പറഞ്ഞു. സിലിണ്ടറുകൾ എങ്ങനെയെങ്കിലും ലഭിക്കുമോയെന്നറിയാൻ ഹോട്ടലുടമകൾ പരക്കം പായുകയാണ്. കയ്യിലുള്ള സിലിണ്ടറുകൾ ഉപയോഗിച്ച് കുറച്ചു ദിവസം കൂടി കൊണ്ടുപോകാനാണ് പാർട്ടി ഓർഡറുകൾ റദ്ദാക്കുന്നത്. സിലിണ്ടറില്ലാത്തതിനാൽ തിരൂർ മേഖലയിൽ മാത്രം 3 ഹോട്ടലുകൾ പൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. വിറകടുപ്പിലേക്ക് മാറിയാലും കല്യാണ, പാർട്ടി ഓർഡറുകളുടെ നിറം മങ്ങാനിടയുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പരമ്പരാഗത ഭക്ഷണ സാധനങ്ങളാണു വിറകടുപ്പിൽ ഉണ്ടാക്കാനാകുക. ‘ന്യൂജെൻ’ വിഭവങ്ങൾക്ക് പാചകവാതകം തന്നെ വേണം.
