തിരുവനന്തപുരം :- കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ക്ലാസ് മുറികളിൽ സ്വകാര്യ സെർവറുകൾ ഉപയോഗിച്ചുള്ള തത്സമയ സിസിടിവി നിരീക്ഷണം ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സൈബർ സുരക്ഷാ പ്രോട്ടോക്കോളിൽ നിർദേശം. വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കരുത്. സ്‌കൂൾ പ്രവൃത്തി സമയത്ത് തടസ്സമില്ലാതെ ഇന്റർനെറ്റ് എല്ലാ കുട്ടികൾക്കും ലഭ്യമാക്കണം. എന്നാൽ അധ്യാപകരുടെ നിരീക്ഷണത്തിൽ മാത്രം കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം. ക്ലാസ് സമയത്ത് പരിശോധിച്ചുറപ്പിക്കാത്ത വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് നേരിട്ട് ഉപയോഗിക്കരുത്. വീട്ടിൽ ഓൺലൈൻ സൗകര്യം ആവശ്യമായ ഹോം അസൈൻമെന്റുകൾ നൽകരുത്. ഡിജിറ്റൽ വിഭജനം ഒഴിവാക്കുന്നതിനാണിത്.
'കീ ടു എൻട്രൻസ്' പോലുള്ള പരിപാടികളിൽ പങ്കെടുക്കാൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് സ്‌കൂളിൽ സൗകര്യമൊരുക്കണം. സ്‌കൂളുകളിൽ സൈബർ സുരക്ഷാ സമിതി രൂപീകരിക്കുകയും സൈബർ സേഫ്റ്റി കോഓർഡിനേറ്ററെ ചുമതലപ്പെടുത്തുകയും വേണം. സ്വകാര്യ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാതിരിക്കുക, ഓൺലൈൻ ഗെയിമുകളിൽ ക്യാമറ പെർമിഷൻ അല്ലെങ്കിൽ ലൈവ് ചാറ്റ് ഒഴിവാക്കുക, പഠന പ്രവർത്തനങ്ങളിൽ കൃത്രിമം കാണിക്കാൻ എഐ ഉപയോഗിക്കരുത് തുടങ്ങി 25 നിർദേശങ്ങൾ വിദ്യാർഥികൾക്കായുമുണ്ട്.
രക്ഷിതാക്കൾക്കായും മാർഗ നിർദേശങ്ങളുണ്ട്. സുരക്ഷിതമായ ഡിജിറ്റൽ പഠനാന്തരീക്ഷവും സൈബർ സുരക്ഷയും ഉറപ്പാക്കുന്നതിനായി പൊതു വിദ്യഭ്യാസ വകുപ്പിന്റെ സാങ്കേതിക ഏജൻസിയായ കൈറ്റ് തയാറാക്കിയ പ്രോട്ടോക്കോൾ www.kite.kerala.gov.in എന്ന പോർട്ടലിൽ ലഭ്യമാണ് പരിശീലനങ്ങളും സൈബർ സേഫ്റ്റി ക്ലിനിക്കുകളും സംഘടിപ്പിക്കുമെന്നു കൈറ്റ് സിഇഒ കെ.അൻവർ സാദത്ത് അറിയിച്ചു.
