മയ്യിൽ :- കനാലിൽ മാലിന്യം തള്ളിയവരെ പിടികൂടി മാലിന്യം തിരിച്ചെടുപ്പിച്ച് വായനശാല, DYFI പ്രവർത്തകർ. മാസങ്ങളോളമായി ചെറുപഴശ്ശി ചേക്കോടിലെ പഴശ്ശി കനാലിൽ മാലിന്യം തള്ളുന്നത് പതിവായിരുന്നു. ഇറച്ചി മാലിന്യങ്ങളാണ് കനാലിൽ വൻതോതിൽ തള്ളിയിരുന്നത്. മാലിന്യങ്ങളിൽ നിന്നുള്ള ദുർഗന്ധം മൂലം പ്രദേശവാസികൾക്കും വഴിയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടായിരുന്നു.
തുടർന്ന് സ്ഥിരമായി മാലിന്യം തള്ളുന്നത് ശ്രദ്ധയിൽ പെട്ടതോടെ കാവലിരുന്നും ക്യാമറകൾ സ്ഥാപിച്ചും മാലിന്യം തള്ളിയവരെ പിടികൂടുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ ചാക്കിൽ കെട്ടി തള്ളുന്നതിനിടെയാണ് പിടികൂടാനായത്. നെല്ലിക്കപ്പാലം പാലത്തുങ്കരയിലെ ഇറച്ചി വ്യാപാരികളെയാണ് തായംപൊയിൽ യുവജന വായനശാല, ചെറുപഴശ്ശി മേഖല DYFI പ്രവർത്തകർ എന്നിവർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
പഞ്ചായത്തംഗം പിട്ടൻ രാജേഷ്, വായനശാല സെക്രട്ടറി സി.വി നിധിൻ, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി എം.അശ്വന്ത്, എം.രതീഷ്, തായവളപ്പിൽ രമേശൻ, കെ.രാധാകൃഷ്ണൻ, ആനാച്ചി അഖിൽ എന്നിവരും നാട്ടുകാരും നേതൃത്വം നൽകി. തുടർന്ന് മയ്യിൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വി.സി ഷിനോജും സംഘവുമെത്തി മാലിന്യം കൊണ്ടുവന്ന വാഹനങ്ങൾ പോലീസ് സ്റ്റേഷനിലെത്തിച്ച് പിഴ ഈടാക്കി.
