യുദ്ധത്തിനിടയിലും കാപ്പി കയറ്റുമതി കുതിച്ചുയർന്നു ; ഈ വർഷം രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്തത് 1.31 ലക്ഷം ടൺ


പശ്ചിമേഷ്യയിലെ യുദ്ധത്തിനിടയിലും കാപ്പി കയറ്റുമതിയിലെ ഇടിവ് ഒഴിവാക്കി ഇന്ത്യ. കോഫി ബോർഡിന്റെ കണക്കുകൾ പ്രകാരം 2026 ജനുവരി 1 മുതൽ ഏപ്രിൽ 2 വരെ 1.31 ലക്ഷം ടൺ കാപ്പിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. കഴിഞ്ഞവർഷം ഇതേ കാലയളവിലെ 1.07 ലക്ഷം ടൺ കാപ്പിയുമായി താരതമ്യം ചെയ്യുമ്പോൾ 22 ശതമാനത്തിലധികമാണ് വർധന. കയറ്റുമതിയുടെ മൂല്യമാകട്ടെ 4,998.72 കോടി രൂപയിൽ നിന്ന് 6,009.43 കോടി രൂപയായി ഉയർന്നു.

യൂറോപ്യൻ യൂണിയൻ കഴിഞ്ഞാൽ ഇന്ത്യയുടെ പ്രധാന കാപ്പി വിപണിയാണ് പശ്ചിമേഷ്യ. യു.എസ്, ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമായിട്ടും കാപ്പി കയറ്റുമതിയിൽ ഇടിവ് പ്രകടമായിട്ടില്ല. എന്നാൽ യുദ്ധം അസംസ്കൃത എണ്ണവില, ചരക്കുകൂലി, വളംലഭ്യത എന്നിവയെ ബാധിക്കു ന്നതിനാൽ ഉത്പാദന മേഖലയെയും വിതരണ ശൃംഖലയെയും പ്രതിസന്ധിയിലാക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

പതിവുപോലെ ഇറ്റലിയിലേക്കാണ് ഈ കാലയളവിൽ ഏറ്റവും കൂടുതൽ കാപ്പി കയറ്റുമതി ചെയ്തത്. 24523.301 ടൺ. ജർമനി (11,625 ടൺ), റഷ്യ( 10,761 ടൺ), ബെൽജിയം (6,269 ടൺ) എന്നിവിടങ്ങളാണ് തൊട്ടുപിന്നിൽ. പശ്ചിമേഷ്യൻ രാജ്യമായ തുർക്കി അഞ്ചാം (5,235 ടൺ) സ്ഥാനത്തുണ്ട്. ജനുവരി മുതൽ ഏപ്രിൽ 2 വരെ പശ്ചിമേഷ്യൻ രാജ്യങ്ങളായ തുർക്കി, യു.എ.ഇ, ജോർദാൻ, ലിബിയ, ഈജിപ്ത്, കുവൈത്ത്, സൗദി എന്നീ രാജ്യങ്ങളിലേക്കുള്ള ആകെ കാപ്പി കയറ്റുമതി 23,918 ടണ്ണാണ്, മുൻവർഷം ഇതേകാലയളവിൽ അത് 22,754 ടണ്ണായിരുന്നു.

Previous Post Next Post