കോഴിക്കോട്: -ഈസ്റ്റ് മൂഴിക്കലിൽ 16 കാരിയായ നസ്രിനയെ ജീവനെടുത്ത ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. കുളത്തൂർ സ്വദേശിയായ അദ്‌നാൻ (21) ആണ് നസ്രിനയെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ച് കൃത്യം നടത്തിയത്. ശേഷം മറ്റൊരു മുറിയിൽ അദ്നാനെയും മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു.
ഇന്ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടിൽ കള്ളൻ കയറിയെന്ന് കരുതി വീട്ടുകാർ പരിശോധിച്ചപ്പോഴാണ് നസ്രിനയെ മുകള്‍ നിലയിലെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നസ്രിനയുടെ അമ്മയും, മുത്തശ്ശിയും സഹോദരങ്ങളും വീട്ടിലുള്ളപ്പോഴായിരുന്നു അതിക്രൂരമായ ഈ കൃത്യം നടന്നത്.
നസ്രിനയുടെ വീട്ടിൽ താമസിച്ചായിരുന്നു അദ്‌നാൻ പഠിച്ചിരുന്നത്. അദ്‌നാൻ്റെ സ്വഭാവദൂഷ്യത്തെക്കുറിച്ച് നസ്രിന ചോദ്യം ചെയ്തിരുന്നതായും ഇതാണ് ഇതിലേക്ക് നയിച്ച പകയ്ക്ക് കാരണമെന്നും പൊലീസ് കരുതുന്നു. കൂടാതെ, പെൺകുട്ടിയുടെ വീട്ടിൽ നിന്ന് അദ്‌നാൻ പണം മോഷ്‌ടിച്ചതിനെ ചൊല്ലിയും തർക്കങ്ങൾ നിലനിന്നിരുന്നു. നസ്രിനയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച മുത്തശ്ശിയെയും അദ്‌നാൻ ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചതായി വിവരമുണ്ട്.
നസ്രിനയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്ത് അദ്നാനെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. വീട്ടുകാർ മടങ്ങിയെത്തിയപ്പോൾ മുഖത്ത് സെല്ലോ ടേപ്പ് ചുറ്റിയ നിലയിൽ അദ്നാനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ദുരൂഹ സാഹചര്യത്തിലുള്ള ഈ മരണത്തെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്..
ഇരുവരും സഹോദരിമാരുടെ മക്കളാണ്. കുടുംബാംഗങ്ങൾ തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും അദ്‌നാൻ്റെ പെരുമാറ്റദൂഷ്യം കാരണം അടുത്തിടെ നസ്രിനയുടെ കുടുംബവുമായി ഇയാൾ അകൽച്ചയിലായിരുന്നു. സംഭവത്തിൽ കോഴിക്കോട് സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
