ന്യൂഡൽഹി :- പണസമ്പാദനം ലക്ഷ്യമിട്ടുള്ള ഓൺലൈൻ മണി ഗെയിമുകൾക്ക് മേയ് 1 മുതൽ രാജ്യത്ത് പൂർണനിരോധനം. ഇതു സംബന്ധിച്ച നിയമം അന്ന് പ്രാബല്യത്തിലാകും. നിയമം 2025 ഓഗസ്റ്റിൽ തന്നെ വിജ്ഞാപനം ചെയ്തിരുന്നെങ്കിലും പ്രാബല്യത്തിൽ കൊണ്ടുവന്നിരുന്നില്ല. നിയമം പ്രാബല്യത്തിലാക്കുന്നതിനു മുൻപ് തന്നെ ഡ്രീം11, മൊബൈൽ പ്രീമിയർ ലീഗ്, പോക്കർബാസി, മൈ11സർക്കിൾ, സുപ്പി, വിൻസോ, പ്രോബോ പോലെയുള്ള പല ഓൺലൈൻ മണി ഗെയിമുകളും പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.
നിരോധനത്തിനു ശേഷവും ഓൺലൈൻ മണിഗെയിമുകൾ നടത്തുന്നവർക്കും ഗെയിമുകളുമായി ബന്ധപ്പെട്ട പണമിടപാടുകൾക്ക് സൗകര്യമൊരുക്കുന്ന ധനകാര്യസ്‌ഥാപനങ്ങൾക്കും 3 വർഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. ആവർത്തി ച്ചാൽ 5 വർഷം തടവോ 2 കോടി രൂപ വരെ പിഴയോ ലഭിക്കാം. ഇത്തരം പ്ലാറ്റ്ഫോമുകളുടെ പരസ്യം ചെയ്യുന്നവർക്ക് 2 വർഷം വരെ തടവോ 50 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. കുറ്റം ആവർത്തിച്ചാൽ 3 വർഷം വരെ തടവും 50 ലക്ഷം രൂപ പിഴയുമാണ്. പണം നിക്ഷേപിച്ച ശേഷം കൂടുതൽ പണം നേടാൻ ലക്ഷ്യമിട്ട് കളിക്കുന്ന ഗെയിമുകളെയാണ് ഓൺലൈൻ മണി ഗെയിമുകളായി സർക്കാർ പരിഗണിച്ചിരിക്കുന്നത്.
