പാലക്കാട് :- യുദ്ധപ്രതിസന്ധിയിൽ അസംസ്കൃതവസ്തുക്കളുടെ ക്ഷാമവും ഉൽപാദനച്ചെലവിലെ വർധനയും കാരണം രാസവളങ്ങളുടെ വില വർധിപ്പിച്ച് കമ്പനികൾ. പൊട്ടാഷ്, എൻപികെ 16-16-16 കോംപ്ലക്സ്, ഫാക്ടംഫോസ് വളങ്ങൾക്കാണു വിലവർധന. യൂറിയയുടെ വിലയും വർധിക്കുമെന്നാണു സൂചന. പൊട്ടാഷ് 50 കിലോഗ്രാം ബാഗിന് 1850 ൽ നിന്ന് 1975 രൂപ, എൻപികെ16-16-16 കോംപ്ലക്സ് 1750 ൽ നിന്ന് 2050 രൂപ, ഫാക്ടംഫോസ് 1475 ൽ നിന്ന് 1525 രൂപ, ജിഎഫ്എൽ കോംപ്ലക്സ് 1,475 ൽ നിന്ന് 1,800 രൂപ എന്നിങ്ങനെയാണു വർധന. ഫാക്‌ടംഫോസ് വില ഇനിയും കൂടാനാണു സാ ധ്യത. വർധിപ്പിച്ച വില അടുത്ത യാഴ്ച നിലവിൽവരും.
കേരളത്തിൽ പ്രതിവർഷം ശരാശരി 90,000 ടൺ പൊട്ടാഷ്, 1.20 ലക്ഷം ടൺ എൻപികെ കോംപ്ലക്സ്, 1.15 ലക്ഷം ടൺ ഫാക്ടംഫോസ് എന്നിവ ഉപയോഗിക്കുന്നുണ്ട്. യൂറിയയും പൊട്ടാഷും തൽക്കാലം സ്റ്റോക്കുണ്ടെന്നു കർണാടക, കേരളം, തമിഴ്‌നാട്, ആന്ധ്ര സംസ്‌ഥാനങ്ങളിലെ വളം നിർമാണ കമ്പനി പ്രതിനിധികളുടെ യോഗം വിലയിരുത്തി. വളങ്ങൾ പരമാവധി സംഭരിക്കാനാണു സർക്കാർ നടപടി. 30,000 ടൺ യൂറിയയുമായി 18ന് മംഗളൂരു തുറമുഖത്ത് എത്തേണ്ടിയിരുന്ന കപ്പൽ വഴിയിൽ തകരാറിലായെങ്കിലും അൾജീരിയയിൽ നിന്നുള്ള മറ്റൊരു കപ്പൽ അടുത്തദിവസം എത്തും. എന്നാൽ, തോട്ടം മേഖലയ്ക്ക് ആവശ്യമായ ഫോസ്ഫേറ്റിനു കടുത്ത ക്ഷാമമാണ്.
