അരനൂറ്റാണ്ടിന് ശേഷം മനുഷ്യൻ ചന്ദ്രന് ചാരെ ; ആർട്ടെമിസ് 2 ദൗത്യസംഘം നാളെ മടങ്ങിയെത്തും


ഫ്ലോറിഡ :- അരനൂറ്റാണ്ടിന് ശേഷം മനുഷ്യനെ ചന്ദ്രന്റെ ചാരത്തെത്തിച്ച ആർട്ടെമിസ് 2 ദൗത്യസംഘം മടക്കയാത്രയിലാണ്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.37-ന് സാൻഡിയാഗോ തീരത്തിനടുത്ത് പസഫിക് സമുദ്രത്തിൽ ഒറൈൺ പേടകം പതിക്കും (Splashdown). ഇന്ത്യൻ സമയം ഏപ്രിൽ രണ്ടിന് പുലർച്ചെ 4.05-നാണ് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39 ബി വിക്ഷേപണത്തറയിൽ നിന്ന് സ്പേസ് ലോഞ്ച് സിസ്റ്റം (SLS) എന്ന കരുത്തുറ്റ റോക്കറ്റ് ഒറൈൺ പേടകത്തെയും വഹിച്ച് ചന്ദ്രനിലേക്ക് കുതിച്ചത്.

ഏപ്രിൽ 6-ന് ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന റെക്കോർഡ് (അപ്പോളോ 13-ൻ്റെ റെക്കോർഡ് മറികടന്നു) ഈ സംഘം സ്വന്തമാക്കി. ചന്ദ്രനിലെ ഏറ്റവും വലിയ ഗർത്തമായ 'ഓറിയൻ്റിലെ ബേസ്' നേരിൽ കണ്ടതും യാത്രയ്ക്കിടെ സൂര്യഗ്രഹണത്തിന് സാക്ഷിയായതും സഞ്ചാരികൾക്ക് വേറിട്ട അനുഭവമായി. ഭാവിയിലെ ആർട്ടെമിസ് 4 ദൗത്യത്തിന് മുന്നോടിയായി പേടകത്തിലെ ലൈഫ് സപ്പോർട്ട്, ആശയവിനിമയ സംവിധാനങ്ങൾ എന്നിവ ഈ യാത്രയിൽ വിജയകരമായി പരീക്ഷിച്ചു. 56 ലക്ഷം മനുഷ്യരുടെ പേരുകളടങ്ങിയ മെമ്മറി കാർഡുമായി 'റൈസ്' എന്ന കൊച്ചു പാവയും ഈ ദൗത്യത്തിൽ സഞ്ചാരികൾക്കൊപ്പം ഉണ്ടായിരുന്നു.

നാലുപേരടങ്ങുന്ന സംഘവുമായാണ് ആർട്ടമിസ് II ചന്ദ്രനിലേക്ക് തിരിച്ചത്. റീഡ് വൈസ്മാൻ, വിക്ട‌ർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് എന്നീ നാസയുടെ ബഹിരാകാശയാത്രികരും കനേഡിയൻ സ്പേസ് ഏജൻസിയുടെ ബഹിരാകാശയാത്രികനായ ജെറമി ഹാൻസനുമാണ് യാത്രാ സംഘത്തിലുള്ളത്. ചന്ദ്രനിലേക്കുള്ള യാത്രയിൽ പങ്കാളിയാകുന്ന ആദ്യ വനിതയാണ് ക്രിസ്റ്റീന. പത്ത് ദിവസം നീണ്ട ദൗത്യത്തിൽ യാത്രികർ ചന്ദ്രനിൽ ഇറങ്ങില്ല, പകരം ജീവൻരക്ഷാ സംവിധാനങ്ങളടക്കം പരീക്ഷിക്കുന്നതിനായി ചന്ദ്രനെ വലംവെച്ച ശേഷം സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങും.

നാസയുടെ 'സ്പേസ് ലോഞ്ച് സിസ്റ്റം' (SLS) റോക്കറ്റും 'ഓറിയോൺ' (Orion) പേടകവും സംയുക്തമായി ഉപയോഗിച്ചുള്ള ആദ്യത്തെ മനുഷ്യയാത്രാ ദൗത്യമാണിത്. ഭാവിയിൽ ചന്ദ്രനിൽ ഇറങ്ങാൻ ആവശ്യമായ സാങ്കേതികവിദ്യകളും സുരക്ഷാ സംവിധാനങ്ങളും പരീക്ഷിച്ചു ഉറപ്പുവരുത്തുക എന്നതാണ് ഈ ദൗത്യത്തിൻ്റെ പ്രധാന ലക്ഷ്യം.

Previous Post Next Post