തിരുവനന്തപുരം :- നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിതചട്ടം ലംഘിച്ചതിന്റെ പേരിൽ പിഴ ചുമത്തിയത് 46.26 ലക്ഷം രൂപ. പിഴയായി പിരിച്ചെടുത്തത് 10.46 ലക്ഷം രൂപയും. വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ എൻഫോഴ്സസ്മെന്റ് സ്ക്വാഡുകൾ ചേർന്ന് 17.20 ലക്ഷം രൂപ പിഴ ചുമത്തിയതിൽ 6.74 ലക്ഷം രൂപയാണു പിരിച്ചെടുത്തത്. ജില്ലാ ശുചിത്വ മിഷനുകളുടെ സ്ക്വാഡുകൾ ചേർന്ന് 29.06 ലക്ഷം രൂപ പിഴ ചുമത്തിയതിൽ 3.71 ലക്ഷം രൂപ പിരിച്ചെടുത്തു. സംസ്ഥാനത്താകെ 7,781 എൻഫോഴ്സസ്മെന്റ് പരിശോധനകളിലായി ഏകദേശം 1,33,806 കിലോഗ്രാം നിരോധിത വസ്‌തുക്കളാണു പിടിച്ചെടുത്തത്.
കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ(2,214) പരിശോധനകൾ നടന്നത്. ഏറ്റവും കൂടുതൽ സാധനങ്ങൾ പിടിച്ചെടുത്തത് തിരുവനന്തപുരം ജില്ലയിലാണ്; 85,951 കിലോഗ്രാം. വോട്ടെടുപ്പ് കഴിഞ്ഞതോടെ കേരളമാകെ തൂത്തുവാരിയത് 1700 ടൺ മാലിന്യമായിരുന്നു. പോളിങ് ബൂത്തുകളിൽ നിന്നും പോളിങ് സാധനങ്ങളുടെ വിതരണ കേന്ദ്രങ്ങളിൽ നിന്നുമായി മാത്രം 951.19 ടൺ ജൈവമാലിന്യവും 801.877 ടൺ അജൈവ മാലിന്യവുമാണ് ഇക്കുറി നീക്കിയത്. ഇതിൽ തിരുവനന്തപുരം ജില്ലയാണ് മുന്നിൽ. 930 ടൺ പ്ലാസ്‌റ്റിക് ഇതര മാലിന്യങ്ങളും 773 ടൺ ജൈവമാലിന്യവുമാണ് ജില്ലയിൽ നിന്നു നീക്കിയത്.
