തിരുവനന്തപുരം :- സ്കൂളുകളിലും ഇന്റേണൽ മാർക്ക് 50 ശതമാനമാക്കി ഉയർത്താൻ സംസ്ഥാന സർക്കാർ. മന്ത്രി വി ശിവൻകുട്ടി ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈ സുപ്രധാന തീരുമാനം അറിയിച്ചത്. നിലവിൽ 20 ശതമാനമാണ് ഇൻ്റേണൽ അസസ്മെന്റ് മാർക്ക് . നിരന്തര മൂല്യനിർണയ പ്രക്രിയ നമ്മുടെ വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകമാണെന്നും, ഇത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ 50 ശതമാനം വരെയായി ഉയർത്തി നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമാനമായ രീതിയിൽ സ്കൂൾ വിദ്യാഭ്യാസത്തിലും ഇൻണൽ അസസ്മെന്റ് വർദ്ധിപ്പിക്കും.
നിരന്തര മൂല്യനിർണ്ണയം (ഇൻ്റേണൽ അസസ്മെന്റ്) സംബന്ധിച്ചുള്ള പരാതികളെ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള സംവിധാനം സൃഷ്ടിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി പരാതി പരിഹാര സെല്ലുകൾ കാര്യക്ഷമമാക്കും. നമ്മുടെ വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകമാണ് നിരന്തര മൂല്യനിർണ്ണയ പ്രക്രിയയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പലപ്പോഴും ചില അധ്യാപകരെങ്കിലും അതിന്റെ അന്തസത്ത ഉൾക്കൊള്ളാതെയാണ് മാർക്കുകൾ നൽകുന്നത് എന്ന് ഈ മേഖലയിൽ ഉയർന്നു വരുന്ന പരാതികൾ സൂചിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
സ്കൂൾ തലത്തിൽ നിരന്തര മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ സുതാര്യവും സമഗ്രവുമായി നടപ്പിലാക്കുന്നതിന് വിലയിരുത്തൽ സ്കോറുകൾ സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച പരാതികൾ സ്കൂൾതല മോണിറ്ററിങ് സമിതി പരിശോധിക്കേണ്ടതാണ്. സ്‌കൂൾ തലത്തിൽ പ്രിൻസിപ്പൽ, എസ്ആർജി കൺവീനർമാർ, സബ്‌ജക്ട് കൗൺസിൽ കൺവീനർമാർ എന്നിവരുടെ നേതൃത്വത്തിലും, ജില്ലാതലത്തിൽ ഡിഡിഇ, ഡിഇഒ, ഡയറ്റ് പ്രിൻസിപ്പൽ, എസ്‌സിഇആർടി ഫാക്കൽറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലും, സംസ്ഥാനതലത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ, അസസ്മെന്റ് കോർഡിനേറ്റർ എന്നിവരുടെ നേതൃത്വത്തിലും സമിതികൾ രൂപീകരിക്കണം. കുട്ടികൾക്കുണ്ടാകുന്ന പരാതികൾ അതാത് സമിതികൾ പരിഗണിച്ച് പരിഹാരം നിർദ്ദേശിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
