വാൽപ്പാറ അപകടത്തിന്‍റെ ഞെട്ടലിൽ കേരളം ; പൊലിഞ്ഞത് ഒന്‍പത് ജീവനുകൾ, അതീവ ദുഃഖകരമെന്ന് മന്ത്രി വി ശിവൻകുട്ടി


തൃശൂര്‍ :- തമിഴ്നാട് പൊള്ളാച്ചി വാൽപ്പാറയിൽ ടെംപോ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിന്‍റെ ഞെട്ടലിൽ കേരളം. മലപ്പുറം പാങ്ങ് പാറമ്മൽ ജിഎൽപി സ്കൂളിലെ അധ്യാപകര്‍ സഞ്ചരിച്ച വാഹനമാണ് ചുരത്തിലെ ഹെയര്‍പിൻ വളവിൽ വെച്ച് അപകടത്തിൽപെട്ടത്. ഏഴു സ്ത്രീകളും രണ്ട് കുട്ടികളുമാണ് അപകടത്തിൽ മരിച്ചത്. അതീവ ദുഃഖകരമായ സംഭവമാണെന്നും അപകട വിവരം അറിഞ്ഞ ഉടനെ തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വേണ്ട സഹായങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പു നൽകിയിട്ടുണ്ട്. 

കോയമ്പത്തൂര്‍ കളക്ടറുടെ നേതൃത്വത്തിൽ എല്ലാ നടപടികളും സ്വീകരിച്ചുവരുകയാണെന്നും അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മനസ്സ് മരവിക്കുന്ന വാർത്തയാണ് വാൽപ്പാറയിൽ നിന്ന് കേട്ടതെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തമിഴ്നാട് പൊലീസുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.

വാൽപ്പാറ അപകടം ദുഃഖകരമായ വാർത്തയാണെന്നും കുടുംബാംഗങ്ങളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്നും കെസി വേണുഗോപാൽ എംപി പ്രതികരിച്ചു. അഗാധമായ ദുഃഖം രേഖപ്പെടുത്തുകയാണ്. ഇരു സർക്കാരുകളും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഇക്കാര്യം ആവശ്യപ്പെടുമെന്നുംരക്ഷാപ്രവർത്തനവും മറ്റുകാര്യങ്ങളും ചെയ്യണമെന്ന് സർക്കാരുകളോട് അഭ്യർത്ഥിക്കുകയാണെന്നും കെസി വേണുഗോപാൽ പറഞ്ഞു. 



Previous Post Next Post