വ്യാജ കാൻസർ മരുന്നുകൾ വിറ്റഴിക്കുന്ന വൻ റാക്കറ്റ് പിടിയിൽ


ന്യൂഡൽഹി :- വ്യാജ കാൻസർ മരുന്നുകൾ വിറ്റഴിക്കുന്ന വൻ റാക്കറ്റിനെ ഡൽഹി പൊലീസ് പിടികൂടി. കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ലോകത്തിലെതന്നെ ഏറ്റവും വിലകൂടിയ ഇമ്യൂണോതെറപ്പി മരുന്നുകളിലൊന്നായ 'കീട്രൂഡ'യാണ് സംഘം വ്യാജമായി നിർമിച്ച് വിതരണം ചെയ്തിരുന്നത്. ഡൽഹി രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്സെന്ററിലെ ഓങ്കോളജി വിഭാഗത്തിലെ ജീവനക്കാരുൾപ്പെടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അമേരിക്കൻ ഫാർമസി കമ്പനിയായ മെർക്ക് ആൻഡ് കോയുടെ (എംഎസ്‌ഡി) കീട്രൂഡ മരുന്നിൻ്റെ ഒരു വൈലിന് (100 മില്ലി ഗ്രാം) ഒന്നര ലക്ഷത്തോളം രൂപ വിലയുണ്ട്. കുറഞ്ഞ വിലയ്ക്കു നൽകാമെന്നു തെറ്റിദ്ധരിപ്പിച്ചാണ് വ്യാജ മരുന്ന് വിറ്റിരുന്നത്. 90,000 രൂപയ്ക്കാണ് ഇവർ വിൽക്കുന്നത്. ചികിത്സച്ചെലവ് താങ്ങാനാകാത്ത നിർധനരായ രോഗികൾക്ക് 40% വരെ ഡിസ്കൗണ്ടിലാണു വ്യാജൻ നൽകിയിരുന്നത്. പാക്കിങ്ങിലോ ലേബലിലോ ബാച്ച് നമ്പറിലോ സംശയം തോന്നാത്ത രീതിയിലായിരുന്നു നിർമാണം.

രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റ‌ിറ്റ്യൂട്ട് ആൻഡ് റിസർച് സെന്ററിലെ ജീവനക്കാരാണ് ഒഴിഞ്ഞ കുപ്പികൾ വ്യാജമരുന്നു നിർമാണസംഘത്തിനു നൽകിവന്നത്. ഒരു ഒഴിഞ്ഞ കുപ്പിക്ക് 3000 രൂപ വരെയും ബാക്കിവന്ന മരുന്ന് സഹിതമാണെങ്കിൽ 50,000 രൂപ വരെയും ഇവർക്കു ലഭിച്ചിരുന്നു. ചില സന്ദർഭങ്ങളിൽ രോഗികൾക്കു നൽകേണ്ട മരുന്ന് അളവിൽ കുറച്ചു നൽകി ബാക്കി മോഷ്ടിച്ച് സംഘത്തിനു കൈമാറുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. വ്യാജമരുന്ന് കുത്തിവച്ചതിനു പിന്നാലെ പട്ന സ്വദേശിയായ രോഗിക്ക് ജീവൻ നഷ്ടമായതായും പോലീസ് കണ്ടെത്തി. ചികിത്സച്ചെലവിനായി വീടും ഭൂമിയും വിറ്റും പലിശയ്ക്കു കടം വാങ്ങിയും പണം കണ്ടെത്തിയ കുടുംബങ്ങളാണ് ചതിയിൽപെട്ടവരിൽ ഏറെയും. സംഭവം വിവാദമായതോടെ ഡൽഹിയിലെ ആശുപത്രികൾ സുരക്ഷാ മാനദണ്ഡങ്ങൾ പരിഷ്കരിച്ചു.

Previous Post Next Post