കണ്ണൂർ :- ജില്ലയിലെ രൂക്ഷമായ വരൾച്ചയെക്കുറിച്ചും ശുദ്ധജല ക്ഷാമം നേരിടുന്ന പ്രദേശങ്ങളെ കുറിച്ചും പഠിക്കാൻ 'വാട്ടർ വൊളന്റിയർ സേന'. ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, ഭൂജല വകുപ്പ്, സന്നദ്ധ സംഘടനയായ മോർ (MORE) എന്നിവ ചേർന്നാണ് വാട്ടർ വൊളന്റിയർ പ്രവർത്തനം സംഘടിപ്പിക്കുന്നത്. ജലക്ഷാമത്തിൻ്റെ കാരണങ്ങൾ കണ്ടെത്താനാണ് പഠനം. കിണറുകളിലെ വെള്ളത്തിന്റെ അളവ്, മണ്ണിന്റെ ഘടന, വീടുകളിലെ മഴവെള്ളക്കൊയ്ത്ത്, ജലത്തിന്റെ ഗുണനിലവാരം, ജനസാന്ദ്രത, തുറന്ന കിണറുകളുടെ എണ്ണം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് പഠനം നടത്തുക. ഹരിത കേരളം മിഷൻ തയാറാക്കിയ ജല ബജറ്റിൽ ജില്ലയിലെ ജലക്ഷാമ പ്രദേശങ്ങളുടെ പട്ടികയുണ്ട്. ഇതു പരിഗണിച്ചാണ് പഠനവിധേയമാക്കേണ്ട പ്രദേശങ്ങൾ തിരഞ്ഞെടുക്കുക. ജലക്ഷാമം ഒഴിവാക്കാൻ നിർദേശങ്ങൾ നൽകും. ഇവ തദ്ദേശ സ്‌ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കുകയാണു ലക്ഷ്യം.
കൊടുംചൂട് കാരണം ജില്ലയിലെ കിണറുകളിലെ ജലനിരപ്പ് കുത്തനെ താഴുന്നതായി ഭൂജല വകുപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭൂജല വകുപ്പിന്റെ നിരീക്ഷണക്കിണറുകളിൽ ഫെബ്രുവരിയിൽ വലിയ തോതിൽ ജലവിതാനം താഴ്ന്നതായി കണ്ടെത്തിയിരുന്നു. 10 വർഷത്തെ കണക്കുകൾ താരതമ്യം ചെയ്താണ് കണ്ടെത്തൽ.ഏപ്രിൽ, മേയ് മാസങ്ങളിൽ വേനൽച്ചൂട് കൂടുമ്പോൾ ജലനിരപ്പ് ഇനിയും താഴുമെന്നാണ് ഭൂജല വകുപ്പിന്റെ വിലയിരുത്തൽ. ജില്ലയിൽ കൂത്തുപറമ്പ്, പേരാവൂർ, കേളകം, വേങ്ങാട്, പാനൂർ, തലശ്ശേരി നഗരസഭയുടെ ചില ഭാഗങ്ങൾ, ചിറക്കൽ, ചിറ്റാരിപ്പറമ്പ്, തളിപ്പറമ്പ്, കണ്ണൂർ കോർപറേഷനിലെ ചിലഭാഗങ്ങൾ, പാപ്പിനിശ്ശേരി, കല്യാശ്ശേരി, പെരിങ്ങോം വയക്കര, മയ്യിൽ, കീഴല്ലൂർ എന്നിവിടങ്ങളിൽ ജലവിതാനം താഴുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.
