വഴിയാത്രക്കാരനെ ഇടിച്ചിട്ട് ഡോക്ടർ കാർ നിർത്താതെ പോയി

 


മട്ടന്നൂർ:-വഴിയരികിലൂടെ നടന്ന് പോകുന്നയാളെ ഇടിച്ചിട്ട ശേഷം ഡോക്ടർ കാർ നിർത്താതെ പോയി.മണിക്കൂറുകൾക്ക് ശേഷം പരിക്കേറ്റയാൾക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തിലും അതേ ഡോക്ടർ ഉണ്ടായിരുന്നതായി വിവരം. കഴിഞ്ഞ ദിവസമാണ് മന:സാക്ഷിയെ നടുക്കുന്ന ഈ സംഭവം നടന്നത്.സിപിഐഎം മട്ടന്നൂർ മരുതായി നാലാങ്കരി ലോക്കൽ കമ്മിറ്റി അംഗമായ കെ സുരേന്ദ്രനെ (68) ആണ് കാർ ഇടിച്ച് തെറിപ്പിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ മട്ടന്നൂരിനടുത്ത് പൊറോറ മുക്കിലാണ് അപകടം.

നാട്ടുകാർ സുരേന്ദ്രനെ മട്ടന്നൂരിലെ ആശുപത്രിയിൽ എത്തിച്ചു. ഇടതുകാലിന്റെ എല്ല് പൊട്ടുകയും നെറ്റിയിൽ വലിയ മുറിവേൽക്കുകയും ചെയ്ത അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്ക് കണ്ണൂരിലേക്ക് മാറ്റി.അപ്പോഴേക്കും, നിർത്താതെ പോയ വാഹനത്തിനായുള്ള അന്വേഷണം പോലീസ് തുടങ്ങിയിരുന്നു.  കറുത്ത കാറാണ് ഇടിച്ചതെന്ന് കണ്ടെത്തിയ പോലീസ് അക്കാര്യം സുരേന്ദ്രന്റെ ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചു.


അതിനിടെ കണ്ണൂരിലെ ആശുപത്രി പരിസരത്ത് നിർത്തിയിട്ടിരുന്ന ഹെഡ്ലൈറ്റ് പൊട്ടിയ കറുത്ത കാർ സുരേന്ദ്രന്റെ ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടു.ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ പയ്യാമ്പലം ബീച്ച് റോഡ് അൽ ബഷീറിയിൽ ഡോ. സുഹൈൽ ബഷീറിന്റെ കാറാണതെന്ന് പോലീസ് കണ്ടെത്തി. മട്ടന്നൂർ പോലീസ് ഡോക്ടറെ കസ്റ്റഡിയിൽ എടുത്ത് നോട്ടീസ് നൽകി വിട്ടു.

കെ.എൽ. 13 എ.ടി. 6780 കാറും കസ്റ്റഡിയിലെടുത്തു. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നും പേടി കൊണ്ടാണ് നിർത്താതെ പോയതെന്നുമാണ് ഡോക്ടറുടെ മൊഴി.സുരേന്ദ്രന് ശസ്ത്രക്രിയ നടത്തിയ സംഘത്തിലും ഡോക്ടർ ഉണ്ടായിരുന്നു എന്നാണ് സൂചന. അക്കാര്യം അന്വേഷിക്കുമെന്ന് മട്ടന്നൂർ ഇൻസ്പെക്ടർ ബിനു ആന്റണി പറഞ്ഞു. 

അപകടകരമായ ഡ്രൈവിങ്ങിന് ഭാരതീയ ന്യായസംഹിത അനുസരിച്ചും അപകടത്തിൽ പരിക്കേറ്റയാൾക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാത്തതും അപകട വിവരം പോലീസിൽ അറിയിക്കാതിരുന്നതിനും മോട്ടോർ വാഹന നിയമ പ്രകാരവുമാണ് കേസ്

Previous Post Next Post