അഴീക്കോട് :- മൂന്നുനിരത്തിൽ തെരഞ്ഞെടുപ്പ് കൊട്ടികലാശത്തിനിടെ യു.ഡി.എഫ് പ്രവർത്തകർ അക്രമം നടത്തിയതായി എൽ.ഡി.എഫ് ആരോപിച്ചു. യു.ഡി.എഫ് നടത്തിയ ആക്രമണത്തിൽ നാല് എൽ.ഡി.എഫ് പ്രവർത്തകർക്ക് പരിക്കേറ്റതായാണ് പരാതി. സി.പി.ഐ (എം) അഴീക്കോട് നോർത്ത് ലോക്കൽ കമ്മിറ്റി അംഗം ടി.പി ലത്തീഫ്, ഡി.വൈ.എഫ്.ഐ അഴീക്കോട് നോർത്ത് മേഖല പ്രസിഡൻ്റ് കെ.വി അഭിജിത്ത്, എസ്.എഫ്.ഐ ഏരിയാ കമ്മിറ്റി അംഗം അനുഗ്രഹ്, കെ.രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം നടന്നതെന്ന് എൽ.ഡി.എഫ് നൽകിയ വാർത്താക്കുറിപ്പിൽ പറയുന്നു. മൂന്നുനിരത്തിൽ എൽ.ഡി.എഫിന്റെ കൊട്ടികലാശം കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീകൾ ഉൾപ്പടെയുളള പ്രവർത്തകർക്കുനേരെ യു.ഡി.എഫ് പ്രവർത്തകർ കല്ലെറിയുകയായിരുന്നുവെന്നാണ് എൽ.ഡി.എഫ് ആരോപിക്കുന്നത്.
വൈകിട്ട് അഴീക്കലിലേക്ക് ബൈക്കിൽ പരിപാടിക്ക് വരികയായിരുന്ന എൽ.ഡി.എഫ് പ്രവർത്തകരുടെ കൈയ്യിലുണ്ടായിരുന്ന ചെങ്കൊടി ഓലത്താഴെയിൽവെച്ച് ലീഗ് പ്രവർത്തകർ പിടിച്ചുവലിച്ചതിനെച്ചൊല്ലി വാക്കേറ്റമുണ്ടായതായും, ഇതിൽ പ്രകോപിതരായ മുസ്‌ലിം ലീഗ്-യു.ഡി.എഫ് പ്രവർത്തകർ വൻകുളത്തുവയലിലെ കൊട്ടികലാശം കഴിഞ്ഞതിന് പിന്നാലെ സംഘടിച്ചെത്തി കല്ലെറിയുകയായിരുന്നുവെന്നും എൽ.ഡി.എഫ് പ്രസ്‌താവനയിൽ ആരോപിച്ചു. സി.പി. റഷീദ്, പി. സജീവൻ, അസ്‌നാഫ് കാട്ടാമ്പള്ളി, സി.കെ. അകർ, മിഷബ്, അജീർ തുടങ്ങിയ യു.ഡി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും സി.പി.എം ആരോപിക്കുന്നു.
വൻകുളത്തുവയൽ കേന്ദ്രീകരിച്ച് മാത്രം കൊട്ടികലാശം നടത്താൻ അനുമതിയുള്ള യു.ഡി.എഫുകാർ ബോധപൂർവം സംഘർഷം സൃഷ്ടിക്കാനാണ് മൂന്നുനിരത്തിലേക്ക് എത്തിയതെന്നും എൽ.ഡി.എഫ് നേതൃത്വം കുറ്റപ്പെടുത്തി. പരിക്കേറ്റ് എ.കെ.ജി സഹകരണ ആശുപത്രിയിൽ കഴിയുന്നവരെ സി.പി.ഐ (എം) ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, അഴീക്കോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി. സുമേഷ്, സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.വി. രാജേഷ്, എം. പ്രകാശൻ എന്നിവർ സന്ദർശിച്ചു.
