അഴീക്കോട് :- അഴീക്കോട് മണ്ഡലം UDF തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് വൻകുളത്ത് വയലിൽ നടന്ന റാലി കഴിഞ്ഞ് തിരിച്ചു പോകവേ മൂന്നുനിരത്തിൽ വച്ച് UDF പ്രവർത്തകരെ സിപിഎം പ്രവർത്തകർ ആക്രമിച്ചതായി ആരോപണം. കാട്ടാമ്പള്ളി മുതൽ വൻകുളത്ത് വയൽ വരെ നടന്ന UDF കൊട്ടിക്കലാശം മൂന്നു നിരത്തിൽ എത്തിയപ്പോൾ ബൈക്കിൽ സിപിഎമ്മിന്റെ കൊടിയുമായി ജാഥയിലേക്ക് അതിക്രമിച്ചു കയറി കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം.
ഇതിനിടെ പ്രവർത്തകരുമായി ഉന്തുംതള്ളുമുണ്ടായപ്പോൾ പോലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു .യു.ഡി.എഫ് പ്രവർത്തകർ റാലിയുമായി വൻകുളത്ത് വയലിലേക്ക് നീങ്ങിയ കൊട്ടിക്കലാശത്തിലേക്ക് സിപിഎം പ്രവർത്തകർ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചിരുന്നു എന്നാൽ പ്രവർത്തകരുടെയും പോലീസിന്റെയും ഇടപെടൽ മൂലം പ്രശ്നം ഒഴിവാക്കുകയായിരുന്നു. തുടർന്നാണ് കൊട്ടിക്കലാശം കഴിഞ്ഞ് വൻകുളത്ത് വയലിൽ നിന്നും മൂന്നുനിരത്ത് വഴി ബൈക്കുകളിലും മറ്റും തിരിച്ചു പോകുന്ന പ്രവർത്തകർക്ക് നേരെ വീണ്ടും ആക്രമം നടത്തിയത്.
ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് പ്രവർത്തകരെ പാപ്പിനിശ്ശേരി എം.എം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജനാധിപത്യ രീതിയിൽ നടക്കുന്ന ഒരു തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ നടക്കുന്ന കൊട്ടിക്കലാശത്തിലേക്ക് പോലുംഅസഹിഷ്ണതയോടെ കടന്നു വന്നു അത് കലക്കാൻ പ്രവർത്തകർക്ക് പ്രോത്സാഹനം നൽകുന്ന സിപിഎം നേതാക്കൾക്കുള്ള ചുട്ട മറുപടി തെരഞ്ഞെടുപ്പിലൂടെ ജനാധിപത്യ വിശ്വാസികൾ നൽകുമെന്നും അത് കനത്തതായിരിക്കുമെന്നും അഴീക്കോട് നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.പ്രമോദ്, ജനറൽ കൺവീനർ സി.പി റഷീദ് എന്നിവർ പറഞ്ഞു.
എന്തുതന്നെ പ്രകോപനങ്ങൾ ഉണ്ടായാലും തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുന്ന ഈ നിമിഷത്തിൽ തികഞ്ഞ ആത്മ സംയമനത്തോടുകൂടി മുഴുവൻ വോട്ടർമാരെയും ബൂത്തിലെത്തിക്കുന്ന പ്രവർത്തനങ്ങളുമായി യുഡിഎഫ് പ്രവർത്തകർ മുന്നോട്ട് പോകണമെന്ന് ഐക്യ ജനാധിപത്യമുന്നണി അഴീക്കോട് നിയോജകമണ്ഡലം സ്ഥാനാർഥി അഡ്വ. കരീം ചേലേരി പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
